വണ്ടിപ്പെരിയാർ: ഗോത്രവർഗ യുവതിയുടെ അവശനിലയിലായ പിഞ്ചുകുഞ്ഞിനെ വനപാലകൾ ആശുപത്രിയിലെത്തിച്ചു.
പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവ് വനത്തിനുള്ളിൽ പ്രസവിച്ച മലമ്പണ്ഡാര വിഭാഗത്തിൽപ്പെട്ട ശങ്കരൻ ബിന്ദു ദമ്പതികളുടെ 24 ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ 21 നാണ് ബിന്ദു പ്രസവിച്ചത്.ആദിവാസി ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ കോട്ടയത്ത് സർക്കാർ ആശുപത്രിലേക്ക് മാറ്റിയെങ്കിലും ഇവർ ഒരാഴ്ച മാത്രമാണ് ആശുപത്രിൽ കഴിഞ്ഞത്.തുടർന്ന്
വള്ളക്കടവിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ശാരീരിക സ്ഥിതി മോശമായതിനാൽ ഇവർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയത്തേക്ക് കൊണ്ടു പോകാൻ ഡോക്ടർമാർ നിർദേശിച്ചു.കുഞ്ഞിന് മുലപ്പാൽ നൽകാത്തതും ഭാരക്കുറവുമാണ് ആരോഗ്യ സ്ഥിതി മോശമാകാൻ കാരണം.കുഞ്ഞിന് ആകെ ഭാരം ഒരു കിലോ 900 ഗ്രാം മാത്രമായിരുന്നു.ഒടുവിൽ
ആദിവാസി ക്ഷേമ വകുപ്പ് ജീവനക്കാർ ആംബുലൻസിൽ ഇവരെ കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. മലമ്പണ്ഡാര വിഭാഗത്തിലെ സമ്പ്രദായമനുസരിച്ച് ആദ്യ ദിവസം മുലപ്പാൽ നൽകില്ലെന്നും 30 ദിവസത്തേക്ക് ഭാര്യയെയും കുഞ്ഞിനെയും ഭർത്താവിന് പോലും കണ്ടു കൂടെന്നുമാണ് ഈ വിഭാഗത്തിലുള്ളവർ പറയുന്നത്.അതിനാലാണ് ആശുപത്രിയിൽ പോലും പോകാൻ ഇവർ തയ്യാറാവാതിരുന്നത്. പുറം ലോകവുമായി അടുത്തിടപഴകാൻ ഏറെമടിക്കുന്ന വിഭാഗമാണ് മലമ്പണ്ടാരങ്ങൾ.