തൊടുപുഴ : നഗരസഭ ഭരണ സമിതി അടിയന്തര കൗൺസിൽ യോഗങ്ങൾ വിളിച്ച് നഗരസഭയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ ഇന്നലെ നടന്ന കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു. നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ടയായി വരുന്ന വിഷയങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കാതെ ഭരണ സമിതി കൗൺസിലിനെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ചെയ്യുന്നതെന്ന് യോഗം ബഹിഷ്‌ക്കരിച്ച എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. വ്യാഴാഴ്ച പകൽ 11ന‌് ചേരേണ്ട അടിയന്തര കൗൺസിലിന്റെ അറിയിപ്പ‌് ബുധനാഴ‌്ച വൈകിട്ടു മാത്രമാണ‌് എത്തിയത‌്. സ്ഥലത്തില്ലാതിരുന്നതിനാൽ പലർക്കും കത്ത‌് ഒപ്പിട്ട‌് വാങ്ങാനും സാധിച്ചില്ല. അജണ്ടയിൽ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾക്കു പകരം, സാധാരണമായ 12 ഇനങ്ങളാണ‌് ഉൾപ്പെടുത്തിയിരുന്നത‌്. രണ്ടര വർഷത്തെ യു.ഡി.എഫ‌് ഭരണത്തിൽ അടിയന്തര കൗൺസിലാണ‌് പതിവായി വിളിക്കുന്നത്. ഏഴുമാസത്തെ എൽ.ഡി.എഫ‌് ഭരണത്തിനിടെ ആകെ 24 കൗൺസിൽ യോഗങ്ങൾ ചേർന്നതിൽ നാല‌്‌ എണ്ണം മാത്രമാണ‌് അടിയന്തരയോഗങ്ങൾ. കഴിഞ്ഞ ഭരണസമിതി കൗൺസിൽ യോഗങ്ങൾ വിളിക്കുന്നതിൽ കൃത്യത പുലർത്തിയിരുന്നു.വ്യാഴാഴ്ചയായിരുന്നു യോഗം വിളിച്ചിരുന്നത്. എന്നാൽ നിയമപ്രകാരം അടിയന്തരകൗൺസിൽ യോഗത്തിന്റെ അറിയിപ്പ‌് എല്ലാ കൗൺസിലർമാർക്കും നൽകിയിരുന്നുവെന്ന്‌ നഗരസഭാ ആക്ടിംഗ് ചെയർമാൻ സി.കെ. ജാഫർ പറഞ്ഞു. ടെൻഡറുകൾ അംഗീകരിക്കുന്ന വിഷയമാണ‌് അടിയന്തരമായി ചർച്ച ചെയ്യാനുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാം തിയതി കൗൺസിൽ ചേർന്ന്‌ അടിയന്തിര പ്രാധാന്യമുള്ള വിഷയം ചർച്ചക്ക് എടുത്തപ്പോൾ അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കരുതെന്ന് എൽ. ഡി. എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.സാധാരണ കൗൺസിൽ യോഗങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ മൂന്ന് ദിവസം മുൻപും അടിയന്തര കൗൺസിൽ 24 മണിക്കൂർ മുൻപും അംഗങ്ങളെ അറിയിച്ചാൽ മതി എന്നാണ് നഗരസഭാ ചട്ടം. പുതിയ സാങ്കേതിക സൗകര്യങ്ങൾ എത്തിയതിനാൽ മെയിൽ അയച്ചും കൗൺസിൽ യോഗം അംഗങ്ങളെ അറിയിക്കാൻ നിയമം അനുശാസിക്കുന്നുണ്ട്.