മറയൂർ: മറയൂർ ശർക്കരയുടെ പേരിൽ തമിഴ്നാട്ടിൽ നിന്നും രാസ വസ്തുക്കൾ ചേർത്ത ശർക്കര വില്പന തടയിടുന്നതിനും മറയൂരിൽ കർഷകർ നിർമ്മിക്കുന്ന ശർക്കരയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമായി ഭക്ഷ്യവകുപ്പ് നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്ത് ഉത്സവ കാലങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് കേരളത്തിലെ മാർക്കറ്റുകളിൽ വിറ്റഴിച്ച ശർക്കര ഫുഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് പിടികൂടിയിരുന്നു. എറണാകുളം മാർക്കറ്റിൽ നിന്നും മറയൂർ ശർക്കര എന്ന ലേബലിൽ വിറ്റഴിച്ച ശർക്കരയിലും അമിതമായ രാസവസ്തുക്കൾ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മറയൂരിലെ പരമ്പരാഗത കർഷകരെയും പരമ്പരാഗത ശർക്കര നിർമ്മാതാക്കളെയും ശർക്കര വ്യാപാരികളെയും സംഘടിപ്പിച്ച് മറയൂർ ശർക്കരയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സെമിനാറും ബോധവതകരണ ക്ലാസും സംഘടിപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആദ്യഘട്ട നടപടി എന്ന നിലയ്ക്ക് അതിർത്തി ചെക്ക് പോസ്റ്റുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ശർക്കര ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പരിശോധന ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. മറയൂർ വ്യാപാരി അസോസിയേഷൻ ഹാളിൽ നടന്ന സെമിനാർ ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ എ.കെ. മിനി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ അലക്സ് കെ.ഐസക്ക് , എം. ടി. ബേബിച്ചൻ, ഡോ.എസ്. കാർത്തിക എന്നിവർ ക്ലാസുകൾ നയിച്ചു. അഞ്ചുനാട് കരിമ്പ് ഉത്പാദക സമിതി പ്രസിഡന്റ് കെ.പി രാജൻ, മറയൂർ ഹിൽസ് അഗ്രിക്കൾച്ചർ സൊസൈറ്റി പ്രതിനിധി ഇ. എസ് വിജയൻ, മറയൂർ ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി പ്രതിനിധി മുഹമ്മദ് ഇസ്മയിൽ, ശർക്കര വ്യാപാരികളുടെ സംഘം പ്രതിനിധികളായി റ്റി ജെ എൽദോസ്, അക്ബർ അലി, എന്നിവർ പങ്കെടുത്തു.