തൊടുപുഴ: കാരിക്കോട്- കുന്നം റോഡിൽ തൊണ്ടിക്കുഴ ആർപ്പാമറ്റത്തിന് സമീപം കെണിയൊരുക്കി വാട്ടർ അതോറിട്ടിയുടെ കുഴി. ഒരാഴ്ചയിലധികമായി കുഴിച്ചിട്ടിരിക്കുന്ന ഇവിടെ അപകട മുന്നറിയിപ്പായി സ്ഥാപിച്ചിരിക്കുന്നത് തെങ്ങോലയാണ്. വളവിനോട് ചേർന്നുള്ള ഭാഗത്താണ് കുഴിയെടുത്തിട്ടിരിക്കുന്നത്.കൃത്യമായ അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ലാത്തിനാൽ വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കുഴി കാണുന്നത്. രാത്രിയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണെന്നിരിക്കെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
സമീപത്തെ മെറ്റൽ ക്രഷറിലേക്ക് അടക്കം വലിയ വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്. പലരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. ഇതേ റോഡിൽ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്തായി രണ്ടിടത്തും സമാനമായ കുഴിയെടുത്തിട്ടുണ്ട്. പണി തീർത്ത് എത്രയും വേഗം ഇവ മൂടണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.