രാജാക്കാട് : രാജകുമാരിയിൽ വീടിനു നേർക്ക് ഗുണ്ടാ ആക്രമണം.വീടിെ ജനൽച്ചില്ലുകളും മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകളും അടിച്ചു തകർത്തു. ഓലിക്കൽ ബാബുവിന്റെ വീടിനും വാഹനത്തിനും നേർക്കാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഒരു കാറിൽ എത്തിയ മൂന്നുപേരിൽ ഒരാൾ പുറത്തിറങ്ങി വീടിന്റെ ജനാലയുടെ ചില്ലും മുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഗൺ ആർ കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളും അടിച്ചു തകർക്കുകയായിരുന്നു.വീട്ടുടമയും ഭാര്യയും ഈസമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവരുടെ ബന്ധുക്കളാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇവരെ കണ്ട് അക്രമി സംഘം വാഹനത്തിൽ കയറി രക്ഷപെട്ടു. ഇതിനിടെ അക്രമിയുടെ കൈ മുറിഞ്ഞ് തകർത്ത വാഹനത്തിൽ രക്തം പുരണ്ടിട്ടുണ്ട്.വസ്തു സംബന്ധമായ തർക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് ശാന്തൻപാറ സി ഐ ചന്ദ്രകുമാർ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ബാബുവിനും എതിർകക്ഷിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. വീട് കയറി അക്രമണം നടത്തിയതിന് കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.