പീരുമേട്: സ്വകാര്യ തേയിലത്തോട്ടത്തിലെ തേയില ചെടികൾ പിഴുതുമാറ്റി നിർമ്മിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെയുള്ള ജനകീയ സമരങ്ങൾക്ക് തുടക്കമായി.നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് രൂപീകരിച്ച കുട്ടിക്കാനം ഹോട്ട് മിക്സിംഗ് പ്ലാന്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ യോഗവും ബോധവത്ക്കരണ സെമിനാറും നടന്നു. പ്രതിഷേധയോഗം ഫാ.കുരുവിള പെരുമാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം മുഖ്യ പ്രഭാഷണം നടത്തി. വികസനം വൻകിടക്കാർക്ക് വേണ്ടി മാത്രം ആകരുതെന്നും ശുദ്ധവായു വില കൊടുത്ത് വാങ്ങേണ്ടി വരുന്ന ഈ കാലത്ത് ശുദ്ധവായു സുലഭമായി കിട്ടുന്ന പ്രദേശത്ത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന വികസന പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടതെന്നും ജോൺ പെരുവന്താനം പറഞ്ഞു. കുട്ടിക്കാനം
ആഷ്‌ലി കവലയ്ക്ക് സമീപത്തെ തോട്ടം ഭൂമി മുറിച്ചുവിറ്റ രണ്ടേക്കർ സ്ഥലത്താണ് ടാർ മിക്സിംഗ് പ്ലാന്റിന്റെ് നിർമ്മാണം നടക്കുന്നത്. ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചാൽ കുട്ടിക്കാനത്തിന്റെ അന്തരീക്ഷം മലിനമാകുമെന്നും ജനവാസമേഖലയ്ക്കും പരിസരത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ഷൻ കൗൺസിൽ സമരം ആരംഭിച്ചിരിക്കുന്നത്.
വൻതോതിൽ തേയില ചെടികൾ പിഴുതുമാറ്റിയും വ്യാപകമായി മണ്ണെടുത്തുമാണ് നിർമ്മാണം നടക്കുന്നത്.ദേശീയ പാത നിർമ്മാണത്തിന്റെ പേരിലാണ് റവന്യു വകുപ്പിന്റെ അനുമതി നേടിയിരിക്കുന്നത്. നിയമം മറികടന്ന് സ്വകാര്യ വ്യക്തിക്ക് ഭൂമി നൽകിയതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്..
ആക്ഷൻ കൗൺസിൽ ഭാരവാഹികളായ മനോജ് രാജൻ,ജോയ് മാത്യു, എസ.പ്രവീണ, അലക്സ് ഓടത്തിൽ, പി.വി.ജോസഫ്, മൈക്കിൽ പടിപ്പറമ്പിൽ, ലെന് പീറ്റർ,ജോൺസൻ തുടങ്ങിയവർ സംസാരിച്ചു