തൊടുപുഴ: കാ‍ർഷിക ജില്ലയായ ഇടുക്കിയിൽ പ്രളയശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു.

രണ്ട് മാസത്തിനിടെ നാല് കർഷക ആത്മഹത്യകളാണ് നടന്നത്. വായ്പ തിരിച്ചടയ്ക്കാനാതെ ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ വീർപ്പുമുട്ടിയാണ് പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചത്. കർഷക കുടുംബങ്ങളെല്ലാം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന അവസ്ഥയാണ്.

പ്രളയ ശേഷം കൊക്കോ റബർ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളിൽ നിന്നുള്ള വരുമാനം നിലച്ചതും ബാങ്കുകളുടെ ജപ്തി ഭീഷണിയുമെല്ലാം കർഷക ആത്മഹത്യയിലേയ്ക്ക് നയിക്കുന്നു. പ്രളയത്തെ തുടർന്ന് ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിലെ വായ്പകൾക്ക് സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂൺ 31നാണ് പ്രളയമേഖലകളിലെ കാർഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരിൽ നിന്ന് വായ്പ തിരിച്ചു പിടിക്കാൻ സർഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്സ് സമിതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ബാങ്കുകൾ പാലിക്കുന്നില്ല. ഇപ്പോഴും നിരവധി കർഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ കഴിയുന്നത്.

 ജില്ലയിൽ ആത്മഹത്യ നിരക്കിൽ വർദ്ധന

ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ജില്ലയിൽ ആത്മഹത്യ നിരക്ക് വർദ്ധിക്കുന്നു. മുന്നൂറിലേറെ പേരാണ് ഓരോ വർഷവും വിവിധ കാരണങ്ങളാൽ ജില്ലയിൽ ജീവനൊടുക്കുന്നത്. ഈ വർഷവും ആത്മഹത്യാ നിരക്കിൽ ഒരു കുറവുമില്ല. 1995 മുതൽ 2005 വരെ തുടർച്ചയായി ഇടുക്കിയിൽ ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേർക്ക് 40 ശതമാനത്തിന് മുകളിലായിരുന്നു. 2006ന് ശേഷം ഇത് 40 ശതമാനത്തിൽ താഴെയായി. എന്നാൽ, വീണ്ടും ആത്മഹത്യ നിരക്കിൽ വർദ്ധനയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 ആത്മഹത്യാ നിരക്ക്​

2017​- 319

2018 - 379

പ്രധാന കാരണങ്ങൾ

കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബാദ്ധ്യത, മാറാരോഗങ്ങൾ, മദ്യപാനം, സാമ്പത്തികപ്രതിസന്ധി, സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ, മാനസിക പ്രശ്നങ്ങൾ, സൈബർ രംഗത്തെ ചൂഷണങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.


 കണ്ണുനീര് മാത്രം മിച്ചം

കാർഷിക മേഖലയിലുണ്ടായ കനത്ത തിരിച്ചടിയാണ് കർഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.കുരുമുളകിന്റെ വില ഇടിഞ്ഞതും കാലവർഷക്കെടുതിയിൽ 70 ശതമാനം ഏലക്കൃഷിയും നശിച്ചതുമെല്ലാം കർഷകരെ തളർത്തി.

ലേല ഏജൻസികൾ റീപൂളിംഗ് നടത്തുന്നതും തിരിച്ചടിയാകുന്നു. ഒരേ ഏലക്കായ തന്നെ പലതവണ ലേലത്തിനു വയ്ക്കുന്നതിനാൽ കർഷകർ ഉത്പാദിപ്പിച്ച് എത്തിക്കുന്ന ഉത്പന്നത്തിന് അർഹമായ വില ലഭിക്കാതെ പോകുന്നു. പരമ്പരാഗത കർഷകർക്ക് ഇത് തിരിച്ചടിയാണ്.ചുരുക്കത്തിൽ വർഷം മുഴുവൻ പണിയെടുക്കുന്ന കർഷകന് മിച്ചം കിട്ടുന്നത് അവസാനം കടമല്ലാതെ മറ്റൊന്നും മിച്ചമില്ല.