തൊടുപുഴ: ഇടുക്കി പ്രസ് ലീഗ് (ഐ.പി.എൽ) നാളെ തൊടുപുഴ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'ജനാധിപത്യം സംരക്ഷിക്കാൻ
സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന സന്ദേശം മുൻനിറുത്തിയാണ് ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെയും സഹ്യ ടീയുടേയും സഹകരണത്തോടെ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. ജില്ലാ കളക്ടർ കെ. ജീവൻബാബു നേതൃത്വം നൽകുന്ന സിവിൽ സർവീസ്, പൊലീസ്, പ്രസ് ക്ലബ്, എക്‌സൈസ്, ലയൺസ് ക്ലബ്, മർച്ചന്റ്സ് യൂത്ത് വിംഗ് തുടങ്ങിയ ടീമുകൾ ഐ.പി.എല്ലിൽ മാറ്റുരയ്ക്കും. മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് തൊടുപുഴ പുളിമൂട്ടിൽ സിൽക്ക് സ്‌പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും 7,500 രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് തോട്ടുപുറം ഫ്യൂവൽസ് സ്‌പോൺസർ ചെയ്യുന്ന ട്രോഫിയും 5,001 രൂപയുടെ കാഷ് അവാർഡും നൽകും. ടൂർണമെന്റിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ സേവനവും ഉണ്ടായിരിക്കും. ഇടുക്കി പ്രസ് ക്ലബ് ടീമിന്റെ ജേഴ്സി, ടീം ക്യാപ്ടൻ വിനോദ് കണ്ണോളിക്ക് നൽകി പുളിമൂട്ടിൽ സിൽക്സ് എം.ഡി ഓസേപ്പ് ജോൺ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, കോ​​ഓർഡിനേറ്റർ സോജൻ സ്വരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.