പീരുമേട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടു വണ്ടി പീരുമേട് മണ്ഡലത്തിൽ പര്യടനം തുടങ്ങി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്,തിരഞ്ഞെടുപ്പ് കമ്മിഷൻ, തിരഞ്ഞെടുപ്പ് വിഭാഗം ജില്ലാ ഭരണകൂടം,തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് പര്യടനം.വോട്ടുവണ്ടിയിൽ വോട്ടിംഗ് മെഷീനും വിവിപാറ്റ് മെഷീനുമുണ്ട്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കേണ്ട രീതി, പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കേണ്ട അനുമതികൾക്കുള്ള ഏകജാലക സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള വിശദ വിവരങ്ങൾ വോട്ട് വണ്ടിയിലുൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും വോട്ട് ചെയ്യുന്നതിലുള്ള സംശയനിവാരണങ്ങൾക്കുമായാണ് വോട്ട് വണ്ടി എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്. ആദ്യ ദിനം പീരുമേട്,പെരുവന്താനം പഞ്ചായത്തുകളിലായി 6 ബൂത്തുകളിൽ പര്യടനം നടത്തി.തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നത് വരെ പീരുമേട് അസംബ്ലി മണ്ഡലത്തിലെ 203 ബൂത്തുകളിലും വോട്ട് വണ്ടി പര്യടനം നടത്തും.
പീരുമേട് മണ്ഡലത്തിലെ നാല് വോട്ടിംഗ് കേന്ദ്രങ്ങൾ ഇത്തവണ മാറ്റി സ്ഥാപിക്കും.വോട്ടിംഗ് കേന്ദ്രങ്ങളായ 23ാം നമ്പർ ഉപ്പുകുളം എസ്റ്റേറ്റ് ലേബർ ക്ലബിലെ കേന്ദ്രം ടൈഫോർഡ് എസ്റ്റേറ്റിലെ സ്റ്റാഫ് കോട്ടേഴ്സിലേക്കു മാറ്റും,144 ാം നമ്പർ കൊടുവാക്കരണം എസ്റ്റേറ്റ് സ്റ്റാഫ് കോട്ടേഴ്സ്റ്റിലെ ബൂത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേയ്ക്കും,പട്ടുമല എസ്റ്റേറ്റ് പിള്ളപ്പുരയിലെ 163 ാം നമ്പർ ബൂത്ത് സ്വയം പ്രഭ പകൽ വീട്ടിലേക്കും, ഡൈമൂക്ക് എസ്റ്റേറ്റിലെ 189 ാം നമ്പർ ബൂത്ത് ലൂഥറൻ എൽ.പി.സ്‌കൂളിലേക്കും മാറ്റാനാണ് തീരുമാനം. നാലു വോട്ടിംഗ് കേന്ദ്രങ്ങളും ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.