തൊടുപുഴ: കേരള എൻ.ജി.ഒ.യൂണിയൻ 46-ാമത് ജില്ലാ സമ്മേളനം ഇന്ന് നെടുംങ്കണ്ടത്ത് ആരംഭിക്കും.നെടുംങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്ന സമ്മേളനം രാവിലെ 9.30ന് പ്രസിഡന്റ് കെ.കെ.പ്രസുഭകുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും.തുടർന്ന് ചേരുന്ന 2018 ലെ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.എസ്.സുനിൽ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 3 ന് പുതിയ കൗൺസിലിലെ ആദ്യയോഗം ചേർന്ന് ഭാരവാഹികളെയും ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുക്കും. തുടർന്ന് 3.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.എസ്.മോഹനൻ, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്ക്,കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.ഡി.ജോസ് എന്നിവർ സംസാരിക്കും.സംസ്ഥാന കമ്മിറ്റിയംഗം പി.വി.ഏലിയാമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.നാളെ രാവിലെ 11 ന് 'നവലിബറൽ നയങ്ങളെ പ്രതിരോധിക്കുന്നതിൽ നവോത്ഥാന മൂല്യങ്ങളുടെ അനിവാര്യത' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മേരി ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഡോ.അജി.സി. പണിക്കർ, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.അബ്ദു റഹിം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും.