തൊടുപുഴ : സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് ആവിഷ്‌കരിച്ച സമഗ്ര പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഹരിതപദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 10ന് വഴിത്തല ശാന്തിഗിരി കോളേജിൽ മന്ത്രി എം.എം.മണി പദ്ധതി ഉദ്ഘാടനം ചെയ്യും. കേരള ന്യൂനപക്ഷ വികസന സാമ്പത്തിക കോർപ്പറേഷൻ ഡയറക്ടർ പ്രൊഫ. മോനമ്മ കോക്കാട്ട്, കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ, പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, ഫാ.മാത്യു കളപ്പുര, ഫാ.മാത്യു മഞ്ഞക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സി.എം.ഐ ആശ്രമങ്ങളിലൂടെയും ഇടുക്കി, എറണാകുളം ജില്ലകളിലെ രണ്ടായിരം കുടുംബങ്ങളിൽ ഹരിതപദ്ധതി എത്തിക്കുകയാണ് ലക്ഷ്യം. വിഷലിപ്തമായ ഭക്ഷ്യസംസ്‌കാരം മാറി ജൈവസംസ്‌കാരം പുനരുജ്ജീവിപ്പിക്കാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാനും സുരക്ഷിതഭക്ഷണം ഉറപ്പുവരുത്താനുമുള്ള പ്രവർത്തനങ്ങൾക്കാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജൈവവൈവിദ്ധ്യ സംരക്ഷണം, ജൈവകൃഷി പ്രോത്സാഹനം, പഴം, പച്ചക്കറികളുടെ സ്വയം പര്യാപ്തത, ജലം,​മണ്ണ് സംരക്ഷണം, പരിസര ശുചിത്വം എന്നിവ നേടിയെടുക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡേഴ്സ് ഫൗണ്ടേഷൻ ദേശീയ ഹരിത സർട്ടിഫിക്കറ്റ് നൽകി അംഗീകരിച്ച മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നവീന പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്ലോബൽ ഗ്രീൻ അംബാസിഡർ റവ. ഡോ. മാത്യു മഞ്ഞക്കുന്നേൽ അറിയിച്ചു. ഫോൺ: 9447440911.