ഇടുക്കി : വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സ്വദേശ് ദർശൻ പദ്ധതി നടപ്പിലാക്കുന്നു.

പത്തനംതിട്ട,​ ഇടുക്കി ജില്ലകളിലെ വിനോദ സഞ്ചാര മേഖലകളായ കടമ്മനിട്ട,​ഗവി ,​വാഗമൺ,​ പീരുമേട്,​ഇടുക്കി,​ തേക്കടി എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് സ്വദേശ് ദർശൻ പദ്ധതി നടപ്പാക്കുന്നത്.റോഡുകളുടെ നവീകരണം,​ നിർമ്മാണം, വാഗമണിൽ സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദോപാധികൾ, ടൂറിസ്റ്റ് ഫെസിലറ്റേഷൻ സെന്ററുകൾ, ഉന്നത നിലവാരത്തിലുള്ള നടപ്പാതകൾ, ഇടുക്കി ,​പീരുമേട് എന്നിവിടങ്ങളിൽ ഇക്കോ ലോഡ്ജുകൾ തുടങ്ങിയവയാണ് നിർമ്മിക്കാനൊരുങ്ങുന്നത്. പദ്ധതിക്കായി 90 കോടിയാണ് കണക്കാക്കുന്നത്.

ഇക്കോ ടൂറിസം സർക്യൂട്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് വാഗമൺ പാരാഗ്ലൈഡിംഗ് പോയിന്റിന് സമീപത്തെ ആംഫി തീയറ്ററിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം നിർവഹിക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും, വൈദ്യുതി മന്ത്രി എം.എം. മണി, ഇടുക്കി എം.പി അഡ്വ.ജോയ്സ് ജോർജ് എന്നിവർ മുഖ്യതിഥികളാകും. എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, പി.ജെ. ജോസഫ്, എസ്.രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കേന്ദ്രടൂറിസം മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി സുമൻബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, ജില്ലാ കളക്ടർ കെ.ജീവൻബാബു, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.