തൊടുപുഴ: ഗൾഫിൽ നിന്ന് പാഴ്സലയച്ച കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്കുകൾ കാണാനില്ല.
തൊടുപുഴ കുണിഞ്ഞി മാങ്കുന്നേൽ ബെന്നി ജോസഫ് സൗദി അറേബ്യയിലെ ദമാമിൽ നിന്ന് അയച്ച ഏഴ് കമ്പ്യൂട്ടറുകളിൽ ആറെണ്ണത്തിന്റെ ഹാർഡ് ഡിസ്കുകളാണ് കാണാതായത്. ബെന്നി നാട്ടിലേക്ക് പോരും മുമ്പാണ്
ഏഴ് സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറുകൾ നാട്ടിലേയ്ക്ക് അയച്ചത്.ഗൾഫിൽ നിന്ന് കാർഗോയിലയച്ച പാഴ്സൽ ബുസ്റ്റൺ ക്ലാസിക് കൊറിയർ എന്ന സ്ഥാപനമാണ് വീട്ടിലെത്തിച്ചതെന്നാണ് ബെന്നി പറയുന്നത്. നല്ല രീതിയിൽ പാക്ക് ചെയ്ത് വീട്ടിലെത്തിച്ച പാഴ്സൽ അഴിച്ച് പരിശോധിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ കുഴപ്പങ്ങളൊന്നുമില്ലാത്തതിനാൽ പാഴ്സൽ സുരക്ഷിതമായി സ്വീകരിച്ചെന്ന് കൊറിയർ കമ്പനിക്ക് ഒപ്പിട്ട് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ഹാർഡ് ഡിസ്ക് ഇല്ലെന്ന കാര്യം മനസിലായത്. തുടർന്ന് ബെന്നി കരിങ്കുന്നം പൊലീസിൽ പരാതി നൽകി. ഏകദേശം അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബെന്നി പറഞ്ഞു.