life
പി.എം.വൈ.എ ലൈഫ് പദ്ധതിയിൽ വാഗ്ദാനംചെയ്ത തുക മുഴുവൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കൾ കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു

കടപ്പന: നഗരസഭയുടെ വാക്ക് വിശ്വസിച്ച് വീട് പണിതുടങ്ങിയവർ കടക്കെണിയിലായി. പി.എം.വൈ.എ ലൈഫ് പദ്ധതിയിൽ 4 ലക്ഷം രൂപയുടെ ധനസഹായം പ്രതീക്ഷിച്ച് വീട് വച്ചവർക്ക് കിട്ടിയത് 2.5 ലക്ഷം മാത്രമാണ്.
ബാക്കി പണം നൽകാമെന്ന വാഗ്ദാനമല്ലാതെ എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ഇതോടെ വീട് പൂർത്തിയാക്കിയവരിൽ പലരും കടക്കെണിയിലായി. വീട് നിർമ്മാണത്തിന് കടം വാങ്ങാൻ നിവൃത്തിയില്ലാത്തവർ ഭവനരഹിതരുമായി.

ഭവന നിർമ്മാണത്തിന് ധനസഹായം കിട്ടുമെന്ന് പ്രതീക്ഷിച്ച് കടം വാങ്ങിയവരും ആകെയുള്ള സ്വർണം പണയപ്പെടുത്തിയവരും ഇപ്പോൾ നെട്ടോട്ടമോടുകയാണ്.ആകെയുള്ള വീട് പൊളിക്കുകയും ചെയ്തു പുതിയതൊട്ട് നിർമ്മിക്കാനും പറ്റാത്ത അവസ്ഥയിലാണ് ഉപഭോക്താക്കളുടെ അവസ്ഥ. പ്രായപൂർത്തിയായ പെൺമക്കളുമായി പടുതകൊണ്ട് മറച്ചുകെട്ടിയ താൽക്കാലിക ഷെഡിൽ കഴിയേണ്ട അവസ്ഥയിലാണ് പലരും.

അതിനിടെ നിർമ്മല സിറ്റി സ്വദേശിയായ പട്ടികജാതി വിധവയുടെ പക്കൽ നിന്ന് വീട് പണിക്ക് ഒന്നേകാൽ ലക്ഷം രൂപ മുനകൂർ വാങ്ങി മുങ്ങിയ മേസ്തിരിയുമുണ്ട്.

വിധവയായ മൂത്തമകളും കൊച്ചുമക്കളും ഇവർക്കൊപ്പമാണ് താമസം. മേസ്തിരി വന്ന് വീട് പണിതീർത്തുതരുമെന്ന പ്രതീക്ഷയിൽ ആരോടും പരാതി പറയാതെ കാത്തിരിക്കുകയാണ് അവർ. അധികൃതരെ വിശ്വസിച്ച് വീടുനിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് വഞ്ചിതരായ പി.എം. വൈ.എ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കട്ടപ്പന നഗരസഭാ പടിക്കൽ കൂട്ടധർണ സംഘടിപ്പിച്ചിരുന്നു.കെ.ടി. അശോക് കുമാർ, ബിജു, സെലിൻ, സിജി, സിന്ധു തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.എന്നാൽ അടുത്ത വർഷം നോക്കാമെന്ന മറുപടിയല്ലാതെ ഭവന നിർമ്മാണപ്രതിസന്ധി പരിഹരിക്കാൻ അധികൃതർക്കാകുന്നില്ല.

()

സഹായം കിട്ടണമെങ്കിൽ 645 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിക്കണം. അതും ലൈഫ് പദ്ധതി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുതന്നെ വേണം. ഇത്തരമൊരു വീട് പണിപൂർത്തിയാക്കാൻ ഏറ്റവും കുറഞ്ഞത് 6.5 ലക്ഷം ചെലവാകും. വാഹനങ്ങൾ എത്താൻ പ്രയാസമുള്ള സ്ഥലമാണെങ്കിൽ ചെലവ് പിന്നെയും കൂടും.നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിക്കുന്നതിന് ചുമട്ടുകൂലി ഇനത്തിൽ വലിയൊരുതുക ചെലവാകും.ചുമട്ടുകൂലി കുറയ്ക്കാൻ വാഹനസൗകര്യമുള്ല സ്ഥലത്ത് മൂന്നും നാലും സെൻ്റ് ഭൂമി വിലയ്ക്കുവാങ്ങി വീട് നിർമ്മിച്ചവരുമുണ്ട്. എന്തായാലും കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ കട്ടപ്പന നഗരസഭയിൽ നിന്ന് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചവർ ഇപ്പോൾ ഓഫീസ് കയറിയിറങ്ങുകയാണ്.