പീരുമേട്:തോട്ടംമേഖലയിൽ ചെള്ളുപനിക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ജില്ലാ വെക്ടർ കൺട്രോൾ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.പീരുമേട്ടിലെ തോട്ടംമേഖലകളായ ലാഡ്രം, കൊടുവാക്കരണം, ലക്ഷ്മികോവിൽ എന്നിവിടങ്ങളിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. മുമ്പ് ജില്ലയിലെ വാഗമൺ മാങ്കുളം എന്നിവിടങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും. സ്‌ക്രബ് ടൈഫസ് എന്ന ചെള്ളാണ്‌ രോഗം പരത്തുന്നത്. ഇവയുടെ ലാർവകളായ ചിഗ്ഗർ മൈറ്റ്സ് ആണ് കൂടുതൽ അപകടകാരി. ഇവ എലി, അണ്ണാൻ തുടങ്ങിയ ജീവികളുടെ ചെവിയിലും മറ്റു ശരീരഭാഗങ്ങളിലും കാണപ്പെടും. പ്രതിരോധ നടപടികൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

() കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം. പന്ത്രണ്ടു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ,വിറയൽ തുടങ്ങിയവയാണ് പ്രധാനരോഗലക്ഷണങ്ങൾ. തുടക്കത്തിൽത്തന്നെ വൈദ്യസഹായം ലഭിച്ചില്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാവുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. രോഗം മൂർച്ഛിച്ചാൽ അന്തരീകാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യും.