വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ വൈദ്യുതി സബ് സ്റ്റേഷനിലെ ട്രാൻസ്‌ഫോർമർ തകരാറിലായതിനാൽ ഈ ഭാഗത്തുള്ളവർക്ക് നാലു മണിക്കൂറാണ് ഇരുട്ടിൽ കഴിയേണ്ടി വന്നത്. വ്യാഴാഴ്ച രാത്രി 7.30 നാണ് ട്രാൻസ്ഫോർമാർ തകരാറിലായത്. വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് 11 കെ.വി കടന്നുപോകുന്ന ട്രാൻസ്‌ഫോമറിൽ ഓയിൽ ലീക്ക് കണ്ടത്. അപകടം ഒഴിവാക്കുന്നതിനായി സബ്‌സ്റ്റേഷൻ മുഴുവൻ ഷഡ് ഡൗൺ ചെയ്യുകയുമായിരുന്നു. പിന്നീട് താത്ക്കാലികമായി ട്രാൻസ്‌ഫോമറിൽ അറ്റകുറ്റ പണിനടത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. ഇവിടെ പുതിയ പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. കാരണം കെ.എസ്.ഇ.ബിയുടെ പ്രത്യേക റിലേ പരിശോധനാ സംഘമെത്തി പരിശോധിച്ച ശേഷം മാത്രമേ പ്രവർത്തന സജ്ജമാകൂ. വൈദ്യുതി ലോഡ് കൂടിയതാണ് തകരാറിന് കാരണമായി പറയുന്നത്. കുമളി സബ് സ്റ്റേഷനിലേക്ക് ഉള്ള 33 കെ.വി. വൈദ്യുതി ലൈനിന്റെ പണികൾ അവസാന ഘട്ടത്തിലാണ്. വണ്ടിപ്പെരിയാർ സബ് സ്റ്റേഷനിൽ നിന്നും 33 കെ.വി. ലൈൻ ദേശീയ പാത വഴിയാണ് കുമളി സബ് സ്റ്റേഷനിൽ എത്തുന്നത്. വൈദ്യുതി മുടക്കം വണ്ടിപ്പെരിയാർ മേഖലയിൽ ഇപ്പോൾ പതിവായതായി നാട്ടുകാർ പറയുന്നു. കുമളി സബ്‌സ്റ്റേഷൻ പണി പൂർത്തീകരിച്ച് പ്രവർത്തനമാകുന്നതോടെ മേഖലയിലുള്ള വോൾട്ടേജ്ക്ഷാമവും ലോഡ്‌ഷെഡിംഗിനും പരിഹാരമുണ്ടാക്കുമെന്നാണ് സ്റ്റേഷൻ എൻജിനീയർ ബി.എസ്. ശ്രീകുമാർ പറയുന്നത്.