മറയൂർ: ജനശ്രദ്ധനേടിയ ചിന്നതമ്പി എന്ന ഒറ്റയാനെ കുങ്കി ആനകളുടെ സഹായത്തോടെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്പ് സ്ലിപ്പ് ആന വളർത്തൽ കേന്ദ്രത്തിലെത്തിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഭീതിപടർത്തിയതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ആനയെ പിടികൂടുന്നത്. മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.കോയമ്പത്തൂർ ചിന്നത്തടാകം , പെരിയതടാകം ,മാങ്കടവ് എന്നിവടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കാർഷിക മേഖലയ്ക്കും വലിയനാശം വരുത്തിയതിനെ തുടർന്നാണ് കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ പിടികൂടിയത്. നേരത്തേ ജനുവരി 25 ന് പിടികൂടിയ ചിന്നതമ്പിയെ ടോപ്പ് സ്ലിപ്പിലെ വനമേഖലയിൽ വിട്ടയച്ചെങ്കിലും രണ്ട് ദിവസം കൊണ്ട് 120 കിലോമീറ്റർ സഞ്ചരിച്ച് പൊള്ളാച്ചിയിലെയും ഉദുമലപേട്ടയിലെയും ജനവാസ കേന്ദ്രങ്ങളിൽ എത്തി നാശം വരുത്തിയിരുന്നു.
കാട്ടിലേയ്ക്ക് തിരികെ പോകാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ഭീതിയിലായ ജനങ്ങൾ റോഡ് ഉപരോധമുൾപ്പെടയുള്ള പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയിരുന്നു.തുടർന്ന് തമിഴ്നാട് വനം വകുപ്പ് ചിന്നതമ്പിയെ പിടികൂടിയെങ്കിലും തമിഴ്നാട്ടിലെ കാട്ടാന പ്രേമികൾ മദ്രാസ് ഹൈക്കോടതിയിൽ വനം വകുപ്പിന്റെ നടപടിക്കെതിരെ ഹർജ്ജി നൽകിയതിനെ തുടർന്ന് ശ്രമം നിറുത്തിവച്ചു. ആനയ്ക്ക് പരിക്കേൽക്കാതെ പിടികൂടണമെന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെയാണ് ആനയെ പിടികൂടാൻ 14 ന് കോടതി അനുമതി നൽകിയത്.
തുടർന്നാണ് ഇന്നലെ രാവിലെ ഓപ്പറേഷൻ 2.0 എന്ന പേരിൽ ദൗത്യം ആരംഭിച്ചത്. മറയൂരിന്റെ അതിർത്തി ഗ്രാമമായ കണ്ണാടിപുത്തൂരിലുള്ള കരിമ്പിൻ തോട്ടത്തിൽ കണ്ട ആനയെ ചക്കപ്പഴം വച്ച് ആകർഷിച്ച് പുറത്തെത്തിച്ച ശേഷം മയക്കു വെടി വച്ചു. തുടർന്ന് തമിഴ്നാട് വനം വകുപ്പിന്റെ കുങ്കി ആനകളായ ഖാലിം, സ്വയഭു എന്നിവയുടെ സഹായത്തോടെ ടോപ്പ് സ്ലിപ്പിലെ ആന വളർത്തൽ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.