മറയൂർ: വായ്പാ നടപടികളുടെ ഭാഗമായി കാന്തല്ലൂരിലെത്തി മടങ്ങിയ ഇടുക്കി ജില്ലാസഹകരണ ബാങ്ക് മാനേജർ സഞ്ചരിച്ച വാഹനത്തിന് നേരേ കാട്ടാന ആക്രമണം. മറയൂർ - കാന്തല്ലൂർ റോഡിൽ കാരയൂർ ചന്ദന റിസർവിനോട് ചേർന്ന് വെട്ടുകാട് ഭാഗത്ത് വച്ചാണ് മാനേജർ കെ. എം. റെജി സഞ്ചരിച്ചിച്ച കാർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം 3 നാണ് സംഭവം. വെട്ടുകാട് ഭാഗത്ത് വച്ച് കാട്ടാനയെ നടുറോഡിൽ കണ്ടതോടെ ഡ്രൈവർ വാഹനം നിറുത്തിയ ശേഷം പിന്നോട്ടെടുക്കാൻ ശ്രമിച്ചു. ഇതിനിടെ കാട്ടാന ചിന്നം വിളിച്ച് കാറിന് നേരെ പാഞ്ഞടുത്തു. പെട്ടെന്ന് വാഹനം പിറകോട്ടെടുക്കുന്നതിനിടെ ആന തുമ്പിക്കൈകൊണ്ട് കാറിന്റെ ബോണറ്റിൽ അടിച്ചു.എന്നാൽ
കൂടുതൽ ആക്രമണത്തിന് മുതിരാതെ കാട്ടാന റോഡരികിലെ കൃഷിയിടത്തിലേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് ദിവസമായി കീഴാന്തൂർ - വെട്ടുകാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്.