മറയൂർ: പാമ്പാറ്റിലെ ഇടക്കടവ് ഭാഗത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇടക്കടവ് തൂക്കുവയൽ എന്നറിയപ്പെടുന്ന ഭാഗത്തെ പാറയിടുക്കിലാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 4 ന് മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടപടികൾ പൂർത്തിയാക്കി. മുൻപ് ഇവിടെ വച്ച് കാണാതായ ഐ.എസ്.ആർ. ഒ ജീവനക്കാരൻ രാജ്കുമാറിന്റെ മൃതദേഹമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
2018 ഒക്‌ടോബർ മാസം 13 ന് സുഹൃത്തുക്കൾക്കൊപ്പം പാമ്പാറിലെ കോവിൽക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ രാജ്കുമാർ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. അന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാജ്കുമാർ ഒഴുക്കിൽപ്പെട്ട ഭാഗത്ത് നിന്നും അഞ്ചുകിലോമീറ്റർ താഴെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം തിരിച്ചറിയുന്നതിനായി ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുംഇന്ന് എത്തിക്കും.