മറയൂർ:വനം വകുപ്പിന്റെ പ്രതിരോധ നടപടികളെ തൃണവത്കരിച്ച് കാട്ടാനക്കൂട്ടം കാന്തല്ലൂർ പഞ്ചായത്തിലെ കീഴാന്തൂർ മേഖലയിൽ വീണ്ടുമെത്തി. ശീതകാല പച്ചക്കറി തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും വൻ നാശമാണ് വരുത്തിയിരിക്കുന്നത്. കീഴാന്തൂർ ഗ്രാമത്തിലെ ഈശ്വരൻ ടി.ആറിന്റെ വീടിന് സമീപത്തുള്ള തെങ്ങുകളും എം.എസ്.കൃഷ്ണന്റെയും കതിർ വേലിന്റെയും ആടിവയൽ കച്ചാരം ഭാഗത്തുള്ള വാഴക്കൃഷിയും വ്യാപകമായി നശിപ്പിച്ചു. സമീപത്തെ ശീതകാല പച്ചക്കറിക്കൃഷികളും ചവിട്ടി മെതിച്ചിട്ടിരിക്കുകയാണ്. കീഴാന്തൂർ, ആടിവയൽ, കച്ചാരം, അത്തിമരം, വെട്ടുകാട് മേഖലകളിലാണ് കാട്ടാന ശല്യം രൂക്ഷമായി തുടരുന്നത്. രാത്രി കൃഷി സ്ഥലത്ത് കാവൽ കിടക്കുന്നതിന് പോലും കഴിയാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടാന ശല്യം ഈ മേഖലയിൽ കുറവായിരുന്നു. 8 ലക്ഷം രൂപ മുടക്കി വനാതിർത്തിയിൽ വനംവകുപ്പ് സൗരോർജ വേലി സ്ഥാപിച്ചെങ്കിലും വേലിയില്ലാത്ത മേഖലയിൽ കൂടിയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തുന്നത്.16 ആനകളടങ്ങിയ സംഘമാണ് കൃഷിയിടം ലക്ഷ്യമാക്കിയെത്തുന്നത്.കനത്ത നാശനഷ്ടമാണ് വരുത്തിയതെന്നാണ് കർഷകർ പറയുന്നത്. കാട്ടാനക്കൂട്ടമിറങ്ങിയ സാഹചര്യത്തിൽ കൃഷിയിടത്തിനടുത്തുള്ള വീടുകളിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്.