thomman-kutth
PHOTO

തൊടുപഴ:വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ തൊമ്മൻ കുത്ത് ഇക്കോ ടൂറിസം മേഖലയോട് അധികാരികൾക്ക് അവഗണന.നിരവധി സിനിമകളുടെ ചിത്രീകരണം നടന്നിട്ടുള്ള തോമ്മൻകുത്തിൽ പുതിയ സിനിമകളുടെ അണിയറ നീക്കങ്ങൾ നടക്കുന്നുമുണ്ട്. എന്നാൽ അധികൃതരുടെ ചിറ്റമ്മ നയത്തെത്തുടർന്ന് ഈ വിനോദ സഞ്ചാര മേഖല നാശത്തോട് അടുക്കുകയാണ്.ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി പുതിയ പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നില്ലെന്ന് മാത്രമല്ല ഉള്ളവയൊന്നും സംരക്ഷിക്കുന്നുമില്ല.

രണ്ടുവർഷം മുമ്പ് വരെ ഇവിടെ അപകടം തുടർക്കഥയായിരുന്നു. എന്നാൽ സുരക്ഷാ സംവിധാനം ശക്തമാക്കിയതോടെ സഞ്ചാരികൾ കുടുംബ സമേതമാണ് ഇവിടേയ്ക്ക് എത്തിത്തുടങ്ങിയിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥ കാരണം സഞ്ചാരികളുടെ വരവിൽ കുറവുണ്ടായി.

ഇവിടെ സ്ഥാപിച്ചിട്ടുള്ള വനവിജ്ഞാന കേന്ദ്രം സഞ്ചാരികൾക്കും കുട്ടികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. അതോടൊപ്പം തന്നെ ഇവിടെയുള്ള കാട്ടുമരങ്ങളും വിവിധതരം പക്ഷികളുടെ ആരവും സഞ്ചാരികൾക്ക് കൗതുകമുണർത്തുന്നവയാണ്.

ടൂറിസത്തിന്റെ വളർച്ച കണക്കിലെടുത്ത് പെഡൽ ബോട്ടുകൾ കൊണ്ടുവന്നെങ്കില്ലും അത് ഇപ്പോഴും കരയിൽ കിടക്കുകയാണ്.ഫീസ് ഇനത്തിൽ കിട്ടുന്ന തുകയുടെ ഒരു ശതമാനം പോലും ഇവിടുത്തെ വികസനത്തിനായി ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപം സഞ്ചാരികൾക്കുണ്ട്.ഗെയിഡുകൾ രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ ജോലി ചെയ്തിട്ടും വേതനമായി ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണ്. മറ്റ് യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.
ഇതോടൊപ്പം തന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും നടപ്പായില്ല.വാഗ്ദ്ധാനങ്ങളിൽ ഒതുക്കാതെ തൊമ്മൻകുത്തിന്റെ വികസനത്തിന് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

അപകടകരമായ അനാസ്ഥ

അപകടസ്ഥലങ്ങളിൽ മുള്ളുകമ്പി കെട്ടി തിരിക്കുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോൾ അവ പൂർണമായും തകർന്ന അവസ്ഥയിലാണ്.

കൂടാതെ സഞ്ചാരികൾക്ക് മഴക്കാലത്ത് കയറി ഇരിക്കാൻ അഞ്ചു ഷെഡ് നിർമിച്ചിരുന്നു. ഇതിന്റെ അവസ്ഥയും ദയനീയമാണ്. മാസങ്ങൾക്ക് മുമ്പ് നിർമിച്ച ഏറുമാടവും അപകടാവസ്ഥയിലാണ്.
ദിവസേനെ ആയിരക്കണക്കിന് രൂപ വരുമാനമുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ അത്യാവശ്യമുള്ള വികസനം നടപ്പിലാക്കുന്നതിൽ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ലെന്നാണ് പരാതി.

വനസമിതിയുടെ നേതൃത്വത്തിൽ നാൽപ്പത് ഗൈഡുമാരെ ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഇവരിൽ ഓരോ ദിവസവും 10 പേർക്കാണ് ചുമതല.

തൊമ്മൻകുത്ത് മുതൽ തേൻകുഴി വരെയുള്ള 800 മീറ്റർ ദൂരമാണ് സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള പരിധി. മുതിർന്നവർക്ക് 30 ഉം കുട്ടികൾക്ക് 20 ഉം ആണ് പ്രവേശന ഫീസ്. ട്രക്കിംഗിനായി എത്തുന്നവർക്ക് സാധരണ പരിധിയിൽ നിന്നും എട്ട് കി.മീറ്റർ ദൂരം വരെ വനത്തിനുള്ളിലേയ്ക്ക് സഞ്ചരിക്കാൻ കഴിയും.1500 രൂപ വരെയാണ് ഇതിനായി ഈടാക്കുന്നത്.
ട്രക്കിംഗിനു പോകുമ്പോൾ ഒരു ഗെയിഡും സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും.