jack
JACKFRUIT

ഇടുക്കി: പ്ലാവിൻ ചുവട്ടിൽ ഇന്നലെ വരെ ആർക്കും വേണ്ടാതെ പഴുത്ത് വീണിരുന്ന ചക്കയ്ക്കിപ്പോൾ വൻ ഡിമാൻഡ്. വിപണിയിലെ താരമായിരിക്കുകയാണ് ചക്ക . ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത വിളകളെല്ലാം നഷ്ടം മാത്രം നൽകുമ്പോൾ പരിചരിക്കാതെ തന്നെ

ഫലം നൽകുന്ന ഇവ കർഷകന് സന്തോഷമാണ് നൽകുന്നത്. മാർക്കറ്റുകളിൽ വിവിധ ഇനങ്ങളിൽ വലിപ്പത്തിൽ ചക്ക സ്ഥാനം പിടിച്ചത് വ്യാപാരികൾ അദ്ഭുതത്തോടെയാണ് നോക്കുന്നത്. കഥയാകെ മാറിയെന്നാണ് കർഷകരും പറയുന്നത്.

മുൻപ് 5 നും 10 നും വാങ്ങിയിരുന്ന ചക്കയുടെ വില ആകെ മാറി.

മുൻപ് വറ്റലിനും മറ്റുമായി ഇവിടെ നിന്നും കൊണ്ട് പോയിരുന്ന ചക്കയ്ക്കിപ്പോൾ സ്വദേശ വിപണിയിൽ വൻ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്.ഇടത്തരം വലിപ്പമുള്ള ഒരു ചക്കയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെയാണ് വില. വലിപ്പവും ഇനവും മാറുന്നതിനനുസരിച്ചാണ് വില. മുൻപ് തോട്ടത്തിൽ നിന്ന് മൂപ്പെത്താത്ത ചക്ക വാങ്ങാൻ എത്തുന്ന വ്യാപാരികൾ തുച്ഛമായ വിലയ്ക്കായിരുന്നു ചക്ക വാങ്ങിയിരുന്നത്.

ഇത് ബേബി ഫുഡ് ഫാക്ടറികളിലേയ്ക്കായിരുന്നു പോയിരുന്നത്. ചക്കക്കുരുവിന് മാത്രം കിലോയ്ക്ക് നൂറു രൂപയ്ക്കു മുകളിൽ വിലയുണ്ട്. പണ്ട് പലഹാര നിർമ്മാണ യൂണിറ്റുകളിലേക്ക് മാത്രമായിരുന്നു ചക്ക ശേഖരിച്ചിരുന്നത്. മറുനാടുകളിൽ ആവശ്യക്കാർ ഏറിയതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ മുതൽ ചക്ക ശേഖരിക്കാൻ ധാരാളം കച്ചവടക്കാർ എത്തുന്നുണ്ട്. തോരനും കറിക്കുമായുള്ള മൂപ്പെത്താത്ത ഇടിച്ചക്ക, വരിക്ക, കൂഴ ഇനങ്ങൾ വ്യത്യാസമില്ലാതെയാണ് ശേഖരിക്കുന്നത്. കൂഴച്ചക്ക പെട്ടെന്ന് പഴുത്ത് പോകുന്നതിനാൽ വരിക്ക ചക്കയോടാണ് കച്ചവടക്കാർക്ക് പ്രിയം. ഏതായാലും ചക്കയുടെ കഷ്ടകാലം കഴിഞ്ഞെന്നാണ് കർഷകരും പറയുന്നത്.

ചക്കകൾ പലതരം

ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാ ചക്ക.

ഓസ്ട്രേലിയ ഗോൾഡൻ നഗട്ട്, ബ്ലാക്ക് ഗോൾഡ്, ലെമൺ ഗോൾഡ്, തായ്‍ലന്റിലെ ഡംഗ് രസ്മി, ബംഗ്ലദേശിലെ ഹരസി, ഗോൾ, ഖാജ

ചക്കപ്പഴം പോഷകമൂല്യങ്ങൾ (100 ഗ്രാം)​

കലോറി 94. കി.കലോറി
അന്നജം 24 ഗ്രാം
പ്രോട്ടീൻ 1. 47 ഗ്രാം
കൊഴുപ്പ് 0.3 ഗ്രാം
കൊളസ്ട്രോൾ 0. മി.ഗ്രാം
നാരുകൾ 1.6 ഗ്രാംറെ

വിറ്റാമിനുകൾ

ഫോളേറ്റുകൾ 14 മൈക്രോഗ്രാം
നയാസിൻ 0. 400 മി.ഗ്രാം
പീരിഡോക്സിൻ 0.108 മി.ഗ്രാം
റിബോഫ്‍ളാവിൻ 0. 110 മി. ഗ്രാം
തയാമിൻ 0.030 മി.ഗ്രാം
വിറ്റാമിൻ എ 297 ഐ.യു
വിറ്റാമിൻ സി 6. 7 മി. ഗ്രാം