മറയൂർ: ജൈവ വൈവിദ്ധ്യങ്ങളുടെ ഭൂമികമായ മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ ദേശാടനപക്ഷിയായ ജാപ്പനീസ് ഫ്ലൈക്കാച്ചർ എന്ന പക്ഷിയെ കണ്ടെത്തി. അത്യപൂർവമായാണ് ഇന്ത്യയിൽ തന്നെ ഈ ചെറുപക്ഷിയെ നിരീക്ഷകർ കണ്ടിട്ടുള്ളത്. ഫ്ലൈക്കാച്ചർ ഫാമിലിയിൽപ്പെട്ട പതിനഞ്ചോളം ഇനങ്ങൾ കേരളത്തിലെ പശ്ചിമഘട്ടമലനിരകളിൽ ഉണ്ടെങ്കിലും ജാപ്പനീസ് ഫ്ലൈക്കാച്ചറിനെ അഞ്ചുവർഷം മുൻപ് ആൻഡമാനിലും പൂണൈയിലുമാണ് കണ്ടിരുന്നത്. കാന്തല്ലൂരിൽ നിന്നും കുളച്ചിവയൽ ആദിവാസികോളനിയിലേക്കൂള്ള വഴിയിൽ തേൻപാറയ്ക്ക് സമീപത്താണ് ഇപ്പോൾ പക്ഷിയെ കണ്ടെത്തിയത്.
ജപ്പാൻ , ചൈന, കൊറിയ എന്നീ രാജ്യങ്ങളിലാണ് ഈ പക്ഷിയെ കാണുന്നത് . ഇവിടെ അതി ശൈത്യമാകുമ്പോഴാണ് ഭൂഖണ്ഡങ്ങൾക്കപ്പുറത്തേക്ക് ഇവ ദേശാടനം നടത്തുന്നത്. ശൈത്യം കഠിനമാകുമ്പോൾ വിയറ്റ്നാം, കംബോഡിയ, സുമാത്ര തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവ ദേശാടനം നടത്താറുണ്ട്. ഇവിടങ്ങളിൽ നിന്നും സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മടങ്ങുമ്പോഴാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കാണപ്പെടുന്നത്. പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന കാട്ടുനീലിയോടും( വൈറ്റ് ബെല്ലീസ് ബ്ലൂ ഫ്ലൈക്കാച്ചർ കാച്ചർ) നീലകുരുവിയോടും ( ടിക്കൽസ് ബ്ലു ഫ്ലൈക്കാച്ചർ) എന്നീ പക്ഷിയോടും വളരെയധികം സാമ്യമുണ്ട്.
ജാപ്പനീസ് ഫ്ലൈക്കാച്ചർ എന്നും ബ്ലൂർ ആൻഡ് വൈറ്റ് ഫ്ലൈക്കാച്ചർ എന്നും ഇതിന് പേരുണ്ട്.