നെടുങ്കണ്ടം: ജില്ലയിലെ മികച്ച പഞ്ചായത്തായി നെടുങ്കണ്ടം പഞ്ചായത്തിനെ തിരഞ്ഞെടുത്തു. 19ന് തൃശൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ സ്വരാജ് ട്രോഫിയും, 10 ലക്ഷം രൂപയും, സാക്ഷ്യപത്രവും സമ്മാനിക്കും. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അവാർഡ്. സംസ്ഥാന സർക്കാരിന്റെ 2013–14 കാലയളവിലെ വസ്തു നികുതി പരിഷ്‌കരണങ്ങൾ നടപ്പിലാക്കി 92 ശതമാനം നികുതി പിരിച്ചെടുത്തു, ലൈഫ് മിഷൻ ഭവന പദ്ധതിയിൽ 1000 കുടുബങ്ങളെ ഉൾപ്പെടുത്തി, ആദ്യഘട്ടത്തിൽ 302 പേർക്ക് 1.21 കോടി രൂപ വിതരണം ചെയ്തു, എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കി. പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയം വികസനവും ജില്ലാ സ്റ്റേഡിയത്തിനുമുള്ള നടപടികളും വേഗത്തിലാക്കി. ഇത്തരത്തിൽ പഞ്ചായത്ത് നടപ്പിലാക്കിയ 16 ഇന കർമ്മ പദ്ധതികൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് പ്രസിഡന്റ് എസ്.ജ്ഞാനസുന്ദരം അറിയിച്ചു.