രാജാക്കാട്: മൺമറയുന്ന ജില്ലയിലെ ചരിത്രാവശേഷിപ്പുകൾ കണ്ടെത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നടപടികളുടെ ആദ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇതിന്റെ ഭാഗമായി ഇടുക്കിയുടെ മഹാശിലായുഗ ചരിത്രം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതിന് കേരള ചരിത്ര ഗവേഷണ കൗൺസിൽ ശ്രമങ്ങളാരംഭിച്ചു.
മുട്ടുകാട് മുനിപ്പാറയിലെ മുനിയറകൾ, രാജകുമാരി ഖജനാപ്പാറയിലെ വീരക്കല്ല് എന്നിവിടങ്ങളിൽ പുരാവസ്തു ഗവേഷകരും,നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകരും വിദ്യാർഥികളും സന്ദർശനം നടത്തി. വീരക്കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിതങ്ങൾ പകർത്തുകയും ചെയ്തു.കൗൺസിൽ ചെയർമാൻ പി.കെ. മൈക്കിൾ തരകന്റെ നിർദ്ദേശത്തെ തുടർന്നാണ് വിവരശേഖരണം നടത്തിയത്. ജില്ലയിലെ മലമടക്കുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാ ശിലായുഗത്തിന്റെ അവശേഷിപ്പുകളായ മുനിയറകൾ, നന്നങ്ങാടികൾ,വീരക്കല്ലുകൾ, കല്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിതങ്ങൾ എന്നിവ നിരവധിയുണ്ടെങ്കിലും സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ കണ്ടെത്തി പഠനവിധേയമാക്കുന്നതിനും ജി.പി.എസ് മുഖേന അടയാളപ്പെടുത്തുന്നതിനുമാണ് കേരളാ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ജി.പി.എസ് വഴി അടയാളപ്പെടുത്തുന്നതിനാൽ ഭാവിയിൽ ആർക്കും ഇവിടങ്ങളിൽ എത്തിച്ചേരുന്നതിനും പഠനം നടത്തുന്നതിനും സഹായകരമാകും. അക്കാദമിക്ക് കോ ഓർഡിനേറ്റർ ഡോ.സുനീഷ് കാനാട്ട്, റിസർച്ച് ഓഫീസർ ഡോ.റെയ്ച്ചൽ എ.വർഗ്ഗീസ്, പുരാവസ്തു ഗവേഷകൻ ശരത്ചന്ദ്രബാബു, തമിഴ് യൂണിവഴ്സിറ്റി ഗവേഷക ജസീറ, എം.ഇ.എസ് കോളേജ് ചരിത്രവിഭാഗം തലവൻ സഫീർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.