ചെറുതോണി: ബസിൽ വച്ച് നഷ്ടപ്പെട്ട പണവും സ്വർണവും തിരികെ നൽകി ബസ്‌ഡ്രൈവർ മാതൃകയായി. കീരിത്തോട് പുന്നയാർ കൊച്ചപ്പിള്ളിൽ പൊന്നമ്മയുടെ അറുപത്തിയെണ്ണായിരത്തി അഞ്ഞൂറ് രൂപയും അഞ്ചുപവൻ സ്വർണവുമാണ് ബസിൽ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കട്ടപ്പന കോട്ടയം കൊണ്ടോട്ടി ബസിൽ കയറിയ പൊന്നമ്മ ചെറുതോണിയിലിറങ്ങി. ഇതിനിടെയാണ് പണവും സ്വർണവും നഷ്ടപ്പെട്ടത്.
വീട് അടച്ചുറപ്പില്ലാത്തതിനാൽ പണവും സ്വർണവും ചെറിയ സഞ്ചിയിലാക്കി മടിയിൽ വച്ചിരിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടത് പൊന്നമ്മ അറിഞ്ഞിരുന്നില്ല.പിന്നീടാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.അപ്പോഴേയ്ക്കും
ബസ് ചെറുതോണിയിൽ നിന്ന് വിട്ടിരുന്നു. തുടർന്ന് ഇടുക്കി സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുമെന്ന് കരുതിയിരുന്നില്ല.
എന്നാൽ ട്രിപ്പ് കഴിഞ്ഞെത്തിയ ബസ് വൃത്തിയാക്കുന്നതിനിടെയാണ് ബസിന്റെ ഡ്രൈവറായ കോട്ടയം കൊടുങ്ങൂർ മുരുത്തോനിക്കൽ എം.ജെ ജേക്കബിന് പണവും സ്വർണവും കിട്ടിയത്.. ഉടനെ ഈ വിവരം ഇടുക്കി സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ബസ് ചെറുതോണിയിലെത്തിയപ്പോൾ ഡ്രൈവർ പണവും സ്വർണവും ഇടുക്കി സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കി എസ്.ഐ വി.പി അജിതന്റെ സാന്നിദ്ധ്യത്തിൽ ജേക്കബ് പൊന്നമ്മയ്ക്ക് പണവും സ്വർണവും കൈമാറി.