ചെറുതോണി: ടാറിംഗ് ജോലികൾ പുരോഗമിക്കവെ റോഡിൽ സാമൂഹ്യ വിരുദ്ധർ ഡീസൽ ഒഴിച്ചു. ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയുടെ കുടക്കല്ല് ഭാഗത്തെ കൊടുംവളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ ഡീസൽ ഒഴിച്ചത്.പുതുതായി ടാർ ചെയ്ത 30 മീറ്റർ റോഡാണ് ഇത്തരത്തിൽ നശിപ്പിച്ചത്. പ്രളയക്കെടുതിയിൽ തകർന്ന റോഡ് നിരന്തര പരാതിയെത്തുടർന്നാണ് ടാർ ചെയ്തത്. കരിമണൽ മുതൽ 10 കിലോമീറ്റർ ദൂരം ടാർ ചെയ്യാൻ നാലു കോടിയാണ് അനുവദിച്ചത്. എറണാകുളം സ്വദേശി കരാർ എടുത്ത് ദ്രുതഗതിയിൽ പണികൾ പുരോഗമിക്കവെയാണ് ടാറിംഗ് നശിപ്പിച്ചത്. കരാറുകാരൻ പരാതി നൽകിയതിനെ തുടർന്ന് കരിമണൽ പൊലീസ് കേസെടുത്തു. ഡീസൽ ഒഴിച്ച ഭാഗം ടാങ്കറിൽ വെള്ളമെത്തിച്ച് കഴുകിയ ശേഷം വീണ്ടും ടാർ ചെയ്തു. കരാറുകാർക്കിടയിലെ കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.