kk
പൊളിഞ്ഞ ഭാഗം റീടാറിംഗിനായി കുത്തിയിളക്കുന്നു.

രാജാക്കാട്:സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിക്കുന്ന രാജാക്കാട് -പൂപ്പാറ റോഡിന്റെ ടാറിംഗിൽ വീണ്ടും ക്രമക്കേട്. ടാറിംഗ് നടത്തി പിറ്റേന്ന് പൊളിഞ്ഞതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് കുരുവിളസിറ്റി മുതൽ മുരിക്കുംതൊട്ടി വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം കുത്തിയിളക്കി റീടാർ ചെയ്തു.ഒരാഴ്ച മുൻപ് രാജകുമാരി ടൗണിൽ നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇളക്കി മാറ്റി റീ ടാർ ചെയ്തിരുന്നു. ബി.എം.ബി.സി ടാറിംഗിന്റെ രണ്ടാം ഘട്ടമായി കുരുവിളസിറ്റി മുതൽ മുരിക്കുംതൊട്ടി ജുമാ മസ്ജിദ് വരെയുള്ള ഭാഗം വെള്ളിയാഴ്ചയാണ് ടാർ ചെയ്തത്.എന്നാൽ ഇന്നലെ രാവിലെയോടെ മിക്ക ഭാഗങ്ങളും മിശ്രിതം ഉറയ്ക്കാതെ പൊളിഞ്ഞിളകി.നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദേശീയ പാതാ വിഭാഗം എ.ഇ സ്ഥലത്തെത്തി പരിശോധിക്കുകയും ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്തെ ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തശേഷം വീണ്ടും ടാർ ചെയ്യുവാൻ കരാറുകാരോട് ആവശ്യപ്പെടുകയുമായിരുന്നു. ടാറിംഗ് മിശ്രിതം തയ്യാറാക്കിയതിലെ അപാകത മൂലമാണ് പൊളിഞ്ഞതെന്ന് എ.ഇ പറയുന്നു.കജനാപ്പാറയിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റിൽ തയ്യാറാക്കുന്ന മിശ്രിതമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വേഗത്തിൽ ജോലികൾ തീർക്കുന്നതിനായി എറണാകുളത്തിനു സമീപത്തെ ഒരു പ്ലാന്റിൽ നിന്നും പതിനഞ്ച് ലോഡ് മിശ്രിതം കൊണ്ടുവന്നിരുന്നു. ഇത് ഉപയോഗിച്ച ഭാഗത്താണ് അപാകത ഉണ്ടായത്.