രാജാക്കാട്: മതികെട്ടാൻ ചോല ദേശീയോദ്യാനത്തിനു സമീപം കള്ളിപ്പാറയിൽ കാറിൽ കടത്തിയ 75കിലോ മ്ളാവിറച്ചിയും ലൈസൻസില്ലാത്ത നാടൻ തോക്കുമായി മൂന്ന് പേർ പിടിയിൽ.
ശാന്തൻപാറ ചേരിയാർ പുൽപ്പാറയിൽ മത്തായി (44),ഇയാളുടെ ഭാര്യാപിതാവ് ഇരിഞ്ഞാലക്കുട കോമയിൽ വീട്ടിൽ ജോസഫ് (63),നെടുങ്കണ്ടം കറുകപ്പിൽ സജി (44) എന്നിവരാണ് അറസ്റ്റിലായത്.വെടിമരുന്നും വാക്കത്തിയും ഹെഡ്‌ലൈറ്റും ഉൾപ്പെടെയുള്ള ഉപകരണങ്ങളും സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
വനമേഖലയിലും സമീപ പ്രദേശങ്ങളിലും നായാട്ട് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച് വൈകിട്ട് 5ന് ദേവികുളം റേഞ്ച് ഓഫീസർ നിബു കിരൺ,പൊന്മുടി സെക്ഷൻ ഫോറസ്റ്റർ കെ.ഡി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ എത്തിയ കാറിൽ ഉണങ്ങിയ മാംസം കണ്ടതിനെത്തുടർന്ന് വിവരം തിരക്കിയപ്പോൾ നാടൻ പോത്തിന്റേതാണെന്നും വില്പനയ്ക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോൾ പച്ച മാംസവും നാടൻ തോക്കും,വെടിമരുന്നും,ഹേഡ്‌ലൈറ്റും.വാക്കത്തിയും വേട്ടയ്ക്കുള്ള മറ്റുപകരണങ്ങളും വാഹനത്തിൽ നിന്നും കണ്ടെത്തിയത് തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.
ഇവർ വേട്ടയാടിയ മ്ളാവിന്റെ തലയും തോലും വനഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.മത്തായിയുടേതാണ് തോക്ക്.വർഷങ്ങൾ പഴക്കമുള്ള ഇതിന് ലൈസൻസ് ഇല്ല. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.
ബീറ്റ് ഫോറസ്റ്റർമാരായ സലിൻ മാത്യൂ,കെ.എ ബാബു,വാച്ചർ ഗിരീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.