ഇടുക്കി​ : നിർമ്മാണം പൂർത്തിയായ ജില്ലാ സ്‌പോർട്സ് അക്കാഡമിയുടെ ഇൻഡോർ വോളിബാൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 21 ന് വൈകിട്ട് 4ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവഹിക്കുമെന്ന് സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു. സംസ്ഥാന സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് വോളിബാൾ അക്കാഡമി സമർപ്പിക്കുന്നത്.ഇടുക്കിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപമുള്ള 5 ഏക്കറിലാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം നൂറ് പേർക്ക് പരിശീലനം നൽകാൻ കഴിയുന്ന 3 കോർട്ടുകളോടുകൂടിയാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ റോഷിഅഗസ്റ്റിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജോയ്സ് ജോർജ്ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, സെക്രട്ടറി സജ്ഞയൻകുമാർ ഐ.എഫ്.എസ് സംസ്ഥാന കൗൺസിൽ അംഗം കെ.എൽ ജോസഫ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി വർഗ്ഗീസ്,​ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിലെ മുൻകാല വോളീബാൾ താരങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് പാലാ സെന്റ് തോമസ് കോളേജും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജും തമ്മിലുള്ള പ്രദർശന മത്സരം നടക്കും.