കുമളി: കെ.എസ്.ഇ.ബി വകുപ്പും പൊതുമരാമത്തും തമ്മിലുളള കലഹം ജനങ്ങൾക്ക് കിട്ടേണ്ട സേവനങ്ങളെ ബാധിക്കുന്നു.കെ.എസ്.ഇ.ബി അണ്ടർ ഗ്രൗണ്ടിലൂടെ കേബിൾ ഇടുന്നതിനായി റോഡ് സെെഡിൽ എടുത്ത കുഴി പൊതുമരാമത്തിന്റെ അനുവാദം വാങ്ങാതെയാണെന്നും ആതിനാൽ കുഴി എടുക്കാൻ പാടില്ലെന്നുമുളള എതിർപ്പുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത് വന്നു. എന്നാൽ കേബിൾ കുഴിയെടുക്കുന്നതിനും പുന:സ്ഥാപിക്കുന്നതിനായുമുള്ള അപേക്ഷ നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ്

കേബിളിനായി കുഴിയെടുത്തതെന്ന് വെെദ്യുതി വകുപ്പ് പറയുന്നു. അട്ടപ്പള്ളം സബ് സ്റ്റേഷനിൽ നിന്നും ഒന്നാം മെെൽ ,ചെളിമട എന്നിവിടങ്ങളിലാണ് ഭൂമിക്ക് അടിയിലൂടെ കേബിൾ സ്ഥാപിക്കേണ്ടത്.

അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ കേബിളിനായി കുഴി എടുക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയതായി പറയപ്പെടുന്നു. എന്നാൽ കുഴിയെടുത്ത ഭാഗത്തെ വാട്ടർ കണക്ഷന്റെ പെെപ്പ് പൊട്ടുകയും ഒരു ഭാഗം ഇടിയുകയും ചെയ്തു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് അനുമതിവാങ്ങിയിട്ടില്ലായെന്ന നിലപാടുമായി രംഗത്ത് എത്തിയത്. എന്നാൽ ഇരു വകുപ്പുകളുടേയും പരസ്പരം പഴിചാരിയുളള പ്രശ്നം കുമളി പഞ്ചായത്തിലെ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.പൊട്ടിപൊളിഞ്ഞ് കാൽ നടപോലും അസാദ്ധ്യമായ ഒന്നാം മെെൽ അട്ടപ്പളളം റോഡിന്റെ ടാറിംഗ് നടന്നു വരുന്ന സാചര്യത്തിലാണ് കെ.എസ്.ഇ.ബി കേബിളിനായി എടുത്ത കുഴി ഇടിഞ്ഞുപോയത്.ഈ ഭാഗങ്ങൾ ഒഴിവാക്കിയാണ് ഇപ്പോൾ ടാറിംഗ് നടത്തുന്നത്.