തൊടുപുഴ : മൂന്ന് വർഷത്തിനിടെ തൊടുപുഴ നഗരസഭയിലെ മൂന്നാമത്തെ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് നടക്കും. ഇടതുമുന്നണിയിലെ മിനി മധുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ഒഴിവിലാണ് ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. 2015ന് ശേഷം ഇതുവരെ മൂന്നാം തവണയാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. ആദ്യത്തെ രണ്ടരവർഷത്തിന് ശേഷം മുസ്ലീം ലീഗിലെ സഫിയ ജബാർ രാജിവച്ച ഒഴിവിൽ 2018 ജൂൺ 18ന് രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു.

അന്ന് ഒരു യു.ഡി.എഫ് അംഗത്തിൻ്റെ കൈപ്പിഴ കാരണം എൽ.ഡി.എഫിലെ മിനി മധു അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. തങ്ങൾക്ക് പറ്റിയ കൈപ്പിഴ തിരുത്താൻ ഊഴം കാത്തിരുന്ന യു.ഡി.എഫ് കഴിഞ്ഞ 25 ന് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി കൂടി പിന്തുണച്ചതോടെയാണ് മിനി മധു അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തായത്.

ഇതോടെയാണ് മൂന്നാമത്തെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇന്ന് യു.ഡി.എഫിന് കണക്കുകൂട്ടലുകൾ പിഴച്ചില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ നിലവിലെ കാലാവധി അവസാനിക്കാൻ 21 മാസം മാത്രം ബാക്കിനിൽക്കെ ഒരുതവണകൂടി തൊടുപുഴ നഗരസഭയിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഉണ്ടാകും.

എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് പ്രാതിനിത്യമുള്ള ഭരണസമിതിയിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്തതാണ് ഇത്തരൊരു പ്രതിസന്ധിക്ക് കാരണം.

പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമൊക്കെ ചെലവഴിക്കേണ്ട വിലയേറിയ സമയം രാഷ്ട്രീയ വടംവലികൾക്കുവേണ്ടി മാറ്റി വയ്ക്കുന്ന സ്ഥിതിവിശേഷം തൊടുപുഴ നഗരത്തിന് വരുത്തിവയ്ക്കുന്നത് തീരാനഷ്ടമാണ്. 35 അംഗ കൗൺസിലിൽ യു.ഡി.എഫ്. 14, എൽ.ഡി.എഫ് 13, ബി.ജെ.പി 8 എന്നതാണ് കക്ഷിനില. ഇതിൽ ഒരംഗത്തിൻ്റെ ഭൂരിപക്ഷവുമായാണ് യു.ഡി.എഫ് ആദ്യം ഭരണത്തിലെത്തിയത്. മുന്നണി ധാരണപ്രകാരം ആദ്യത്തെ രണ്ട് വർഷം മുസ്ലീംലീഗ്, അടുത്ത രണ്ട് വർഷം കേരളകോൺഗ്രസ്, അവസാന ഊഴം കോൺഗ്രസിന് എന്നതായിരുന്നു ധാരണ. അതനുസരിച്ച് ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജെസി ആന്റണി സ്ഥാനാർത്ഥിയാകും. കഴിഞ്ഞതവണത്തേതുപോലെ കൈപ്പിഴ പറ്റാതിരിക്കാൻ യു.ഡി.എഫ് നേതൃത്വം കൗൺസിലർമാർക്ക് പ്രത്യേക നിർദ്ദേശവും വിപ്പും നൽകിയിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോയാൽ ജെസി ആൻ്റണി വിജയിക്കും. ഒരംഗത്തിൻ്റെ കുറവ് ഒരു കുറവല്ലെന്ന് തെളിയിച്ച പാരമ്പര്യവുമായി ഇടതുമുന്നണിയും മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം ബി.ജെ.പി ഇരുപക്ഷത്തോടും അകലം പാലിച്ച് മാറിനിൽക്കാനാണ് സാദ്ധ്യത. രാവിലെ കൃത്യം 11ന് വോട്ടെടുപ്പ് ആരംഭിക്കും. ഇടുക്കി ആർ.‌ഡി.ഒ എം.പി. വിനോദാണ് വരണാധികാരി.