കാഞ്ഞാർ: കാഞ്ഞാർ പാലം കാൽ നട യാത്രക്കാർക്ക് തലവേദനയാകുന്നു.നടപ്പാലമില്ലാത്തതാണ് യാത്രക്കാരെ വിഷമത്തിലാക്കുന്നത്. ഇടുങ്ങിയ പാലത്തിലൂടെയാണ് ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്.ഇടുങ്ങിയ പാലത്തിൽ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽ നട യാത്രക്കാർക്ക് വഴിനടക്കാൻ കഴിയില്ല. നടന്നു പോകുന്നവർ അപകടത്തിൽ പെടാനും സാദ്ധ്യതയേറെയാണ്.

തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ കാഞ്ഞാറിലൂടെയാണ് ഇടുക്കി, കുമളി, വാഗമൺ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക്‌ പോകുന്നത്‌. ഏറെ വിനോദ സഞ്ചാരികൾ കടന്നു പോകുന്നതും ഇതു വഴിയാണ്. അതിനാൽ ഏറെ തിരക്കും അനുഭവപ്പെടുന്നുണ്ട്.പാലത്തിന്റെ ഒരു വശത്തെ സംരക്ഷണ ഭിത്തിയും തകർന്ന് കിടക്കുകയാണ്. മുൻപ് ഇവിടെ രണ്ട് വാഹനങ്ങൾ പുഴയിലേയ്ക്ക് മറിഞ്ഞിട്ടുണ്ട്. വളരെ അപകട സാദ്ധ്യതയുള്ള ഇവിടെ എത്രയും വേഗം നടപ്പാലം നിർമ്മിച്ച് കാഞ്ഞാർ പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.