തൊടുപുഴ: പ്രഥമ ഇടുക്കി പ്രസ് ലീഗ് (ഐ.പി.എൽ) കിരീടം ഇടുക്കി പൊലീസ് ടീം സ്വന്തമാക്കി. തൊടുപുഴ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇടുക്കി ജില്ലാ കളക്ടർ കെ. ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ടീമിനെയാണ് പൊലീസ് ടീം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബോബി ജോർജ്ജ് ക്യാപ്ടനായ സിവിൽ സർവീസ് ടീം ആറ് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബിജു വർഗീസ് ക്യാപ്‌നായ ഇടുക്കി പൊലീസ് ടീം 5.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ചാമ്പ്യൻമാർക്ക് തൊടുപുഴ പുളിമൂട്ടിൽ സിൽക്സ് സ്‌പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും 7,500 രൂപ കാഷ് അവാർഡും ഉടമ ഔസേപ്പ് ജോണും കെ.സി.എ ജില്ലാ സെക്രട്ടറി ബി. വിനോദും ചേർന്ന് നൽകി. റണ്ണേഴ്സ്അപ്പായ സിവിൽ സർവീസ് ടീമിന് തോട്ടുപുറം ഫ്യൂവൽസ് സ്‌പോൺസർ ചെയ്യുന്ന ട്രോഫിയും 5,001 രൂപയുടെ കാഷ് അവാർഡും ഉടമ കുര്യാച്ചൻ പോൾ സമ്മാനിച്ചു. മാൻ ഓഫ് ദ സീരീസ് പുരസ്കാരം നേടിയ എക്സൈസ് ടീമിലെ ആസിഫ് അലിക്ക് സഹ്യ ടീ മാനേജർ സുനീഷ് കെ. സോമൻ ട്രോഫി നൽകി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി സിവിൽ സർവീസ് ടീമിലെ എസ്. അഭിജിത്,​ മികച്ച ബൗളറായി പൊലീസ് ടീമിലെ ബാവാസ്,​ മികച്ച വിക്കറ്റ് കീപ്പറായി എക്സൈസ് ടീമിലെ അഷ്‌റഫ് അലി,​ മികച്ച ഫീൽഡറായി പൊലീസ് ടീമിലെ അനൂപ്,​ മികച്ച സിക്സ് നേടിയ താരമായി ഇടുക്കി പ്രസ് ക്ലബ് ടീമിലെ സോജൻ സ്വരാജ് എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുൾ റസാഖ്,​ ടി.എ. ഷാഹിദ്,​ മുഹമ്മദ് റാഫി, എസ്. അജിത്,​ ആസിഫ് അലി എന്നിവർ മാൻ ഒഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടി. ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'ജനാധിപത്യം സംരക്ഷിക്കാൻ സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന സന്ദേശം മുൻനിറുത്തിയാണ് ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പുളിമൂട്ടിൽ സിൽക്സിന്റെയും സഹ്യ ടീയുടേയും സഹകരണത്തോടെ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയത്. സിവിൽ സർവീസ്, ഇടുക്കി പൊലീസ്, ഇടുക്കി പ്രസ്ക്ലബ്, എക്‌സൈസ്, ലയൺസ് ക്ലബ്, മർച്ചന്റ്സ് യൂത്ത് വിംഗ് തുടങ്ങിയ ടീമുകളാണ് ഐ.പി.എല്ലിൽ മാറ്റുരച്ചത്. രാവിലെ 8.30ന് ആരംഭിച്ച ടൂർണമെന്റ് ജില്ലാ കളക്ടർ കെ. ജീവൻബാബു ഉദ്ഘാടനം ചെയ്തു. പുളിമൂട്ടിൽ സിൽക്സ് ഔസേപ്പ് ജോൺ,​ കെ.സി.എ ജില്ലാ സെക്രട്ടറി ബി. വിനോദ്,​ തങ്കമണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ. രവീന്ദ്രൻ,​ തങ്കമണി സഹ്യടീ മാനേജർ സുനീഷ് കെ. സോമൻ,​ ജി-ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ഇടുക്കി ജില്ലാ ഡയറക്ടർ നോബി സുദർശൻ,​ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ. ബൈജു,​ തൊടുപുഴ എസ്.ഐ വിഷ്ണുകുമാർ,​ കെ.എസി.എ ജില്ലാ പ്രസിഡന്റ് മധു,​ ജില്ലാ ട്രഷറർ പ്രശാന്ത്,​ ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ,​ സെക്രട്ടറി എം.എൻ. സുരേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. മത്സരത്തിലുടനീളം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. സതീഷ് വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ സേവനവും ഉണ്ടായിരുന്നു.