മറയൂർ: ചന്ദനക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ വനപാലകരെ ആക്രമിക്കാൻ ശ്രമം.
ശനിയാഴ്ച രാത്രി 12 ന് മാങ്കുളത്താണ് സംഭവം. മറയൂർ റേഞ്ചിലെ നാച്ചിവയൽ സ്റ്റേഷൻ പരിധിയിൽ അമ്പലപ്പാറ ഭാഗത്ത് നിന്നും ചന്ദന വേര് പിഴുതു കടത്തിയ കേസിലെ പ്രധാന പ്രതിയായ മാങ്കുളം അൻപതാം മൈൽ സ്വദേശി മാമലശ്ശേരി വീട്ടിൽ രാജേഷിനെ പിടിക്കാനെത്തിയ മറയൂർ റേഞ്ചിലെ ഉദ്യോഗസ്ഥരെയാണ് പ്രതി വാക്കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.പരിശോധനാ ഉത്തരവുമായെത്തിയ വനപാലകരെ ആക്രമിക്കാൻ തുനിഞ്ഞ പ്രതിയെ വീട്ടുകാർ തടയുകയായിരുന്നു. പ്രതിക്ക് പിന്തുണയുമായി സമീപവാസികളും എത്തിയിരുന്നു.
മാങ്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും പഞ്ചായത്തു മെമ്പറും സ്ഥലത്തെത്തിയെങ്കിലും വനപാലകർക്ക് രാജേഷിനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജനപ്രതിനിധികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയ്ക്കൊടുവിൽ രാജേഷിനെ തിങ്കളാഴ്ച ഹാജരാക്കാമെന്ന് വൈസ് പ്രസിഡന്റ് ഉറപ്പു നൽകി.എന്നാൽ രാജേഷ് ചന്ദനം കടത്തിയ ജീപ്പ് വനപാലകർ കസ്റ്റഡിയിലെടുത്തു. മറയൂരിലേക്ക് ജീപ്പുമായി വരും വഴി മൂന്നു സ്ഥലത്ത് വാഹനം തടയാനുള്ള ശ്രമം നടന്നതായി വനപാലകർ പറഞ്ഞു.
2018 ഡിസംബർ 19നാണ് അമ്പലപ്പാറ ഭാഗത്ത് ചന്ദന വേരുകൾ പിഴുതു കടത്തിയത്. 22 ന് മറയൂർ നെല്ലിപ്പെട്ടി ചിന്നക്കനാൽ സൂര്യനെല്ലി സ്വദേശികളായ പ്രതികളെ പിടികൂടിയിരുന്നു.ഇവരിൽ നിന്നും ലഭിച്ച സൂചനയിലാണ് മറയൂരിൽ നിന്നും എത്തിക്കുന്ന ചന്ദനം മുഴുവൻ വാങ്ങുന്നത് രാജേഷാണെന്ന വിവരം ലഭിച്ചത്.രാജേഷ് മാങ്കുളത്തെ വീട്ടിലുണ്ട് എന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ വനപാലക സംഘം മാങ്കുളത്തിൽ എത്തിയത്. നിരവധി ചന്ദനക്കടത്ത് കേസുകളിലെ പ്രതിയാണ് രാജേഷ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.