മറയൂർ: വട്ടവട കാന്തല്ലൂർ മേഖലയിൽ വിളയുന്ന വെളുത്തുള്ളിക്ക് ഭൗമസൂചികാ പദവി നേടിയെടുക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി സർക്കാർ അഞ്ചുലക്ഷം രൂപ അനുവദിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വട്ടവട, കാന്തല്ലൂർ, മൂന്നാർ, ചിന്നക്കനാൽ എന്നിവിടങ്ങളിൽ വിളയുന്ന വെളുത്തുള്ളിക്ക് തൈലത്തിന്റെ അളവും ഗന്ധവും മറ്റ് പ്രദേശങ്ങളിൽ വിളയുന്നതിനേക്കാളും അധികമാണ്. കൂടാതെ ഭൂമി ശാസ്ത്രപരമായ ഘടനാ വ്യത്യാസവും മറയൂർ മലനിരകളിൽ മാത്രം ഉണ്ടാകുന്ന നൂൽ മഴയുമെല്ലാം വെളുത്തുള്ളിയുടെ ഗുണനിലവാരത്തെ സ്വാധീനിച്ച ഘടകങ്ങളാണ്. ഈ പ്രത്യേകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
കേരള കാർഷിക സർവകലാശാല നടത്തിയ പഠനങ്ങളിൽ നാനൂറ് വർഷത്തിലധികമായി ഈ പ്രദേശങ്ങളിൽ വെളുത്തുള്ളിക്കൃഷി നടക്കുന്നതായും അഞ്ചു നാടൻ ഗ്രാമങ്ങളിൽ വെളുത്തുള്ളിയിൽ നിന്നും ഔഷധം നിർമ്മിച്ചിരുന്നതായും തെളിഞ്ഞു. പ്രദേശത്തെ വെളുത്തുള്ളി കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട വിലയും മറ്റും ലഭിക്കുന്നതിനായാണ് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ പേറ്ററ്റിന്റെ ശ്രമം ആരംഭിച്ചത്. പരമ്പരാഗത വിള സംരക്ഷണത്തിനും വിത്ത് സംരക്ഷണത്തിനും സർക്കാർ സംസ്ഥാന ബഡ്ജറ്റിൽ പ്രത്യേകം തുക വകയിരുത്തിയതിന്റെ ഭാഗമായാണ് സർവകലാശാലയുടെ ബൗദ്ധിത സ്വത്തവകാശ സെല്ലിന് അഞ്ചുലക്ഷം രൂപ അനുവദിച്ചത്. മറയൂർ മലനിരകളിൽ വിളയുന്ന മറയൂർ ശർക്കരയുടെ ജി.ഐ പേറ്റന്റ് നടപടികൾ അന്തിമഘട്ടത്തിലാണ്. ശർക്കരയ്ക്ക് പുറമേ വെളുത്തുള്ളിക്കും പേറ്റന്റ് നടപടി ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് മറയൂരിലെ കർഷകർ.