മറയൂർ: കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനശല്യം അതിരൂക്ഷമായ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ സന്ദർശിച്ചു. കാന്തല്ലൂരിലെ കീഴാന്തൂർ - കാന്തല്ലൂർ ആടിവയൽ ഭാഗങ്ങളിലാണ് കാട്ടാന വ്യാപകമായി ശീതകാലവിളകളും വാഴത്തോട്ടവും നശിപ്പിച്ചത്. കനത്തമഴക്കാലത്തെ അതിജീവിച്ച് ഇറക്കിയ വിളകളാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് നാമാവശേഷമാക്കിയത്. ഏറ്റവും അധികം നാശം നേരിട്ട കർഷകരുടെ കൃഷിയിടങ്ങളാണ് നേരിട്ടെത്തി വിലയിരുത്തിയത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ പ്രദേശങ്ങളിൽ വരൾച്ച ആരംഭിച്ചതിനാൽ ആന കുരങ്ങ് , കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് കൂട്ടമായി എത്തുകയാണ്.

ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് ഒഴിവാക്കാൻ കൂടുതൽ താത്കാലിക വാച്ചർമാരെ നിയമിക്കണമെന്ന് മറയൂർ ഡി എഫ് ഒ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എന്നിവരോട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.