ഇടുക്കി :ഏറെ നാളുകൾക്ക് ശേഷം സ്വന്തം ജില്ലക്കാരനായ കളക്ടറെ കിട്ടിയ സന്തോഷത്തിലായിരുന്നു ഇടുക്കി. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. ഏഴുമാസവും ഏഴുദിവസവും പൂർത്തിയായപ്പോൾ സ്വന്തം കളക്ടർ അടുത്ത പദവിയിലേക്ക് നിയോഗിക്കപ്പെട്ടു.പൊതുവിദ്യാഭ്യാസ വകുപ്പിലേക്കാണ് മാറ്റം. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനചലനമാണെങ്കിലും ഇടുക്കിക്കാരെ സംബന്ധിച്ച് പെട്ടന്നുള്ള യാത്രപറച്ചിൽ ഒരു സ്വകാര്യദു:ഖമായി അവശേഷിക്കുകയാണ്. ഇടുക്കിയിൽ കളക്ടർമാരായി വന്നവരിലേറെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തോട്ടം തൊഴിലാളികളും ചെറുകിട കർഷകരുമൊക്കെയായ ഭൂരിപക്ഷം സാധരണക്കാർക്കും മലയാളികളല്ലാത്ത കളക്ടർമാരോട് നേരിട്ട് സംസാരിക്കാനും പ്രയാസമുണ്ടായിരുന്നു. അതിനെല്ലാമൊരു പരിഹാരമായാണ് തൊടുപുഴ സ്വദേശികൂടിയായ കെ.ജീവൻ ബാബുവിനെ നാട്ടുകാർ കണ്ടത്. ജനങ്ങൾക്ക് കളക്ടറോടുള്ളതുപോലെ കളക്ടർക്ക് ജനങ്ങളോടും സ്നേഹമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതാണ് ഇന്നലെ ഔദ്യോഗിക ചുമതല കൈമാറിയ ശേഷം അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചിട്ട വാക്കുകൾ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഇന്ന് രാവിലെ ഞാൻ ഇടുക്കി ജില്ലാ കളക്ടർ പദവി ഒഴിയുകയാണ്. കഴിഞ്ഞ 7 മാസവും 7 ദിവസവും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമകൾ നൽകിയാണ് കടന്നു പോയത്. സ്വന്തം ജില്ലയിൽ കളക്ടറായപ്പോൾ ജില്ലയുടെ വികസന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, നൂറ്റാണ്ടിലെ പ്രളയവും, മണ്ണിടിച്ചിലും, ഉരുൾപ്പൊട്ടലും ഇടുക്കിയെ താറുമാറാക്കി. ഇടുക്കിക്കാരുടെ വീര്യം ഈ മലയോരത്തെ വളരെവേഗം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. പ്രകൃതി ദുരന്തത്തെ നേരിടുന്നതിൽ നമ്മൾ ഒറ്റക്കെട്ടായിരുന്നു. പിന്നീട് കടന്നുവന്ന ബിഗ് സല്യൂട്ട്, പുനരധിവാസം, പട്ടയമേള, മകരവിളക്ക്, വിവിധ പദ്ധതികൾ ഇവയെല്ലാം സാദ്ധ്യമാക്കിയത് നിങ്ങളുടെ ശക്തികൊണ്ട് മാത്രമാണ്
ഇന്ത്യയിലാദ്യമായി ഒരു ജില്ലയിൽ പൂർണമായും റവന്യൂ ഓഫീസുകൾ വീഡിയോ കോൺഫറൻസും വെബ് കാസ്റ്റിഗും വഴി ബന്ധിപ്പിക്കപ്പെട്ട ആദ്യ ജില്ലയായി ഇടുക്കി മാറി. ഇ- ഓഫീസ് വില്ലേജ് തലം വരെ വ്യാപിപ്പിക്കുന്നതിനും സാദ്ധ്യമായി. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് വലിയ വിജയമായി തീർന്നതും സന്തോഷകരമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ നിർദേശവും പിന്തുണയും നൽകിയ ബഹുമാന്യരായ ജനപ്രതിനിധികൾ, മേലുദ്യോഗസ്ഥർ, രാത്രിയും പകലുമില്ലാതെ അദ്ധ്വാനിച്ച ജില്ലയിലെ പ്രിയപ്പെട്ട ഉദ്യോഗസ്ഥർ , ജില്ലയുടെ ആവശ്യങ്ങളിൽ എന്നും പൂർണ പിന്തുണയുമായി നിന്ന നാട്ടുകാർ , ഏവരേയും നന്ദിയോടെ സ്മരിക്കുന്നു. ഇടുക്കിക്കാരൻ എന്ന നിലയിൽ ഇടുക്കി ജില്ലയുടെ ഇനിയുള്ള വളർച്ചയിൽ സാധ്യമായ എല്ലാ സഹകരണവും പിന്തുണയുമുണ്ടാകും. എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
തൊടുപുഴ മണക്കാട് നെല്ലിക്കാവ് ജീവൻജ്യോതിയിൽ റിട്ട. തഹസിൽദാർ പി.കുട്ടപ്പൻ, റിട്ട. ഫെയർകോപ്പി സെക്ഷൻ സൂപ്രണ്ടായിരുന്ന കെ.ജി. ശ്യാമള ദമ്പതികളുടെ മകനാണ് കെ.ജീവൻ ബാബു.