തൊടുപുഴ: ഉദ്വോഗഭരിതമായ മണിക്കൂറുകൾക്കൊടുവിൽ നാടകീയതകളൊന്നുമില്ലാതെ ജെസി ആന്റണി തൊടുപുഴ നഗരസഭയുടെ അമരത്തെത്തി. ഏഴ് മാസം മുമ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ചെയർപേഴ്സൺ സ്ഥാനം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് ജെസി ടീച്ചറെങ്കിൽ എൽ.ഡി.എഫിനെ താഴെയിറക്കി വീണ്ടും നഗരസഭയുടെ ഭരണം കൈപ്പിടിയിലൊതുക്കിയതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്. ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ദിനം തന്നെ അപ്രതീക്ഷിതമായി ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അംഗങ്ങളെല്ലാം തന്നെ നേരത്തേ കൗൺസിൽ ഹാളിൽ സ്ഥാനംപിടിച്ചിരുന്നു.
കഴിഞ്ഞ അവിശ്വാസ വോട്ടെടുപ്പിൽ മൂന്ന് മിനിറ്റ് വൈകി വന്ന എൽ.ഡി.എഫ് കൗൺസിലറെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല എന്നതിന്റെ ഓർമ്മയാകാം . ഹർത്താലായതിനാൽ എല്ലാവരും നേരത്തേ എത്തണമെന്ന് കർശന നിർദേശവും ഉണ്ടായിരുന്നു. കൃത്യം 11ന് തന്നെ റിട്ടേണിംഗ് ഓഫീസറായ ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മൂന്ന് നാമനിർദ്ദേശപത്രി കകളാണ് ലഭിച്ചത്. ജെസി ആന്റണിക്കെതിരായി എൽ.ഡി.എഫിൽ നിന്ന് മുൻ ചെയർപേഴ്സൺ മിനി മധുവും ബി.ജെ.പിയിൽ നിന്ന് രേണുക രാജശേഖരനുമാണ് മത്സരിച്ചത്. അസാധുവാകാതെ എങ്ങനെ വോട്ട് ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ വിശദമായി വിവരിച്ചു. ഒരുവട്ടം സംഭവിച്ച ചെറിയ കൈപ്പിഴവിന് വലിയ വില കൊടുക്കേണ്ടി വന്ന യു.ഡി.എഫ് അംഗങ്ങളെല്ലാം വളരെ ശ്രദ്ധയോടെ ഇത് കേട്ടിരുന്നു. തുടർന്ന് ട്രയൽ വോട്ടിംഗ് നടത്തി. ഇതിന് ശേഷമാണ് ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. യു.ഡി.എഫ് 14ഉം എൽ.ഡി.എഫ് 13ഉും വോട്ടുകൾ വീതം കൃത്യമായി പോൾ ചെയ്തപ്പോൾ ബി.ജെ.പിയുടെ ആർ. അജിയുടെ വോട്ട് അസാധുവായി. ഇതോടെ എട്ട് അംഗങ്ങളുള്ള ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തുടർന്ന് രേണുക രാജശേഖരനെ ഒഴിവാക്കി രണ്ടാം ഘട്ടവോട്ടെടുപ്പ് ആരംഭിച്ചു. ഈ വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നു. ഈ സമയമെല്ലാം ജെസി ആന്റണിയുടെ ഇരിപ്പടത്തിനടുത്തെത്തി യു.ഡി.എഫ് അംഗങ്ങൾ ആത്മവിശ്വാസം നൽകുന്നുണ്ടായിരുന്നു.
രണ്ടാംഘട്ട വോട്ടെണ്ണിയപ്പോൾ മറ്റ് അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജെസി ആന്റണി വിജയിച്ചു. ഈ സമയം എൽ.ഡി.എഫ് അംഗവും മുൻചെയർപേഴ്സണുമായ മിനി മധു ജെസി ടീച്ചറിനടുത്തെത്തി അഭിനന്ദനമറിയിച്ചു. റിട്ടേണിംഗ് ഓഫീസർ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചതോടെ ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ അഭിനന്ദനവുമായെത്തി. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത് ജെസി ആന്റണി അധികാരമേറ്റു. തുടർന്ന് നടന്ന യോഗത്തിൽ കൗൺസിലർമാരായ രാജീവ് പുഷ്പാംഗദൻ, പി.എ. ഷാഹുൽ ഹമീദ്, രാജീവ് പുഷ്പാംഗദൻ, എ.എം.. ഹാരിദ്, മേഴ്സി കുര്യൻ, എം.കെ. ഷാഹുൽ ഹമീദ്, രേണുകാ രാജശേഖരൻ, ആർ.ഹരി എന്നിവർ ജെസി ആന്റണിയെ അഭിനന്ദിച്ചു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ ജെസി ആന്റണി എല്ലാവർക്കും നന്ദിയും അറിയിച്ചു.
കൈവിട്ട ഭരണം തിരികെ പിടിച്ച് യു.ഡി.എഫ്
മുന്നണിക്കുള്ളിലെയും കോൺഗ്രസിനുള്ളിലെയും ചേരിപ്പോരിന്റെ തിക്തഫലമായി നഷ്ടമായ നഗരസഭാ ഭരണം തിരികെ പിടിച്ചതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്. 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- 8 എന്നിങ്ങനെയാണ് കക്ഷിനില.
ഏറ്റവും വലിയ ഒറ്റകക്ഷിയായ യു.ഡി.എഫിനായിരുന്നു തുടക്കത്തിൽ നഗരസഭാ ഭരണം. മുസ്ലിം ലീഗിലെ സഫിയ ജബ്ബാറായിരുന്നു നഗരസഭാ ചെയർപേഴ്സൺ. മുന്നണി ധാരണാ പ്രകാരം രണ്ടര വർഷത്തിന് ശേഷം കേരളാകോൺഗ്രസ് എമ്മിനായിരുന്നു ചെയർപേഴ്സൺ സ്ഥാനം നൽകേണ്ടിയിരുന്നത്. വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളെ തുടർന്ന് അൽപ്പം വൈകിയാണെങ്കിലും സഫിയ രാജിവെച്ചു. തുടർന്ന് 2018 ജൂൺ 18ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. തിരഞ്ഞെടുപ്പിൽ അന്നത്തെ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായി. തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി മിനി മധുവിനും യു.ഡി.എഫ് സ്ഥാനാർത്ഥി ജെസി ആന്റണിക്കും കിട്ടിയ വോട്ടുകൾ തുല്യമായി. തുടർന്ന് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തു. ശേഷം ആറ് മാസത്തിലേറെ മിനി മധു ചെയർപേഴ്സണായി തുടർന്നു. കഴിഞ്ഞ ജനുവരി 25ന് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് 18 വർഷത്തിന് ശേഷം കിട്ടിയ ഭരണം എൽ.ഡി.എഫിന് നഷ്ടമായത്. ബി.ജെ.പി അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ഏഴ് മാസത്തെ എൽ.ഡി.എഫ് ഭരണം അവസാനിച്ചത്.