തൊടുപുഴ: തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകളിൽ വ്യാപകമായ രീതിയിൽ ചോർച്ചയുണ്ടാകുന്നത് ജനത്തിനെ ഭീതിയിലാഴ്ത്തുന്നു.ഇത് സംബന്ധിച്ചുളള പരാതികൾ ബന്ധപ്പെട്ട അധികാരികളെ നിരവധി തവണ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും ഉപഭോക്താക്കൾ പറയുന്നു. തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വിതരണത്തിനെത്തുന്ന പാചക വാതക സിലിണ്ടറുകളിലാണ് ഇത്തരത്തിൽ ചോർച്ച കണ്ടെത്തിയിരിക്കുന്നത്. സിലിണ്ടറുകൾ മിക്കതും കാലപ്പഴക്കം കാരണം അപകട സാദ്ധ്യത ഏറിയതാണ്. കൂടാതെ ഇവിടങ്ങളിൽ വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകളിൽ മിക്കതും കാലാകാലങ്ങളിൽ നടത്തേണ്ടുന്ന അത്യാവശ്യ സുരക്ഷാ പരിശോധനകൾ പോലും നടത്താത്ത സിലണ്ടറുകളാണെന്നും ഉപഭോക്താക്കൾ പറയുന്നു.ചില സിലിണ്ടറുകളിൽ സുരക്ഷാ വാൽവിന് മുകളിലുളള റബർ സീലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ചോർച്ചയ്ക്ക് കാരണം.റെഗുലേറ്ററുകൾ അപകടത്തിലായതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഉപഭോക്താക്കൾ ഏജൻസികളെ സമീപിച്ച് പ്രശ്നങ്ങൾ പരിഹരിക്കാറുണ്ടെങ്കിലും തുടർന്നും ഇത് തന്നെയാണ് അവസ്ഥ..

സിലിണ്ടറുകളിലെ വ്യാപകമായിട്ടുണ്ടാവുന്ന ചോർച്ച കാരണം തങ്ങൾ ഭീതിയിലാണെന്നും വീട്ടമ്മമാർ പറയുന്നു.

ചോർച്ച ഭയന്ന് ചിലർ രാത്രി സിലിണ്ടറുകൾ മുറ്റത്തും പറമ്പിലുമാണ് സൂക്ഷിക്കുന്നത്.

തട്ടക്കുഴയിൽ പാചക വാതകം ചോർന്നു

തട്ടക്കുഴയിൽ പൊട്ടനാനിക്കൽ ഭാസ്ക്കരന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പാചക വാതകം ചോർന്നത് പരിഭ്രാന്തി പരത്തി.വീട്ടിൽ സ്ഥാപിച്ചിരുന്ന സിലിണ്ടറിൽ നിന്ന് രൂക്ഷമായ ഗന്ധം പുറത്തേയ്ക്ക് വന്നതോടെ വീട്ടുകാർ റെഗുലേറ്റർ പെട്ടന്ന് ഊരിമാറ്റി.​ ഇതോടെ ഗ്യാസ് ശക്തിയായി പുറത്തേക്ക് തള്ളുകയും വീട്ടുകാർ സിലിണ്ടർ കുറ്റി ഉടൻ പുറത്തേക്ക് മാറ്റുകയും ചെയ്തു.ഫയർഫോഴ്സ് സ്ഥലത്തെത്തി സിലിണ്ടറിലെ ചോർച്ച അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.പിന്നീട് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ സിലിണ്ടർ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി ഗ്യാസ് മുഴുവൻ ചോർത്തി അപകടം ഒഴിവാക്കി.

കമ്പനി അധികൃതർക്ക് നിസംഗത:​

സിലിണ്ടറുകളിൽ വ്യാപകമായ ചോർച്ചയുണ്ടാവുന്നത് സംബന്ധിച്ച് കമ്പനി അധികൃതരെ വിവരം അറിയിക്കാറുണ്ടെങ്കിലും അടുത്ത തവണ ലോഡ് വരുമ്പോൾ മാറ്റിത്തരാം എന്ന് പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നുംതൊടുപുഴയിലെ വിവിധ പാചക വിതരണ ഏജൻസികൾ പറയുന്നു.