വണ്ടിപ്പെരിയാർ: കാസകോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെ വണ്ടിപ്പൊരിയാറ്റിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷം. സംഘർഷത്തിൽ എ.എസ്.ഐയ്ക്കും 7 കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ഡി.സി.സി.ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാരിയപ്പൻ, വാളാടി മണ്ഡലം പ്രസിഡന്റ് പി.ടി. വർഗീസ് ബ്ലോക്ക് കമ്മിറ്റി അംഗം ഗണേശൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കനി, വിജയ്, മുനിയാണ്ടി , വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജമാൽ എന്നിവർക്കാണ് പരിക്കേറ്റത്. ടൗണിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിരുന്നു.കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞതോടെ വാഹനങ്ങൾ തടയരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. എന്നാൽ പ്രവർത്തകർ ഇത് അവഗണിച്ചതോടെ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.ഇതിനിടയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ഗണേശൻ ഐ.എൻ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സിദ്ധിക്ക് ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എം.മഹേഷ്, പ്രഭു എന്നിവരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചു.ഈ സമയം എത്തിയ കെ.എസ്.ആർ.ടി. ബസ് പ്രവർത്തകർ തടഞ്ഞു.തുടർന്ന് പൊലീസ് ഇടപെട്ട് വാഹനം കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണം. വാഹനങ്ങൾക്ക് മുമ്പിൽ കുത്തിയിരുന്ന പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ് മാറ്റാൻ ശ്രമിച്ചു.പ്രവർത്തകർ ബലം പ്രയോഗിച്ചതോടെ പൊലീസ് ലാത്തി വീശി.

ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റത്. പ്രത്യാക്രമണത്തിലാണ് പൊലീസിന് പരിക്കേറ്റത്. പരിക്കേറ്റവരെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ ഡി.സി.സി.ജനറൽ സെക്രട്ടറി ഷാജി പൈനാടത്തിനെ ആശുപത്രിയിൽ കൊണ്ടു പോകാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയതായി ആരോപണമുണ്ട്. കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പീരുമേട് സി.ഐ.ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇത് തടഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കട്ടപ്പന ഡി.വൈ.എസ്.പി എൻ.സി രാജ് മോഹൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി