കുമളി:ഹർത്താലിൽ കോൺഗ്രസ് പ്രവർത്തകർ കുമളി ടൗണിൽ വാഹനം തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.

ഹർത്താലിനെത്തുടർന്ന് കുമളിയിൽ വാഹനം തടഞ്ഞ പ്രവർത്തകരെ തടയാനെത്തിയ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇന്നലെ രാവിലെ 6മുതൽ പ്രവർത്തകർ കുമളിടൗൺ കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞിരിന്നു. വാഹനങ്ങൾ തടയരുതെന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു ഗതാഗതം തടസപ്പെടുത്തി. തടഞ്ഞിട്ടിരുന്ന വാഹനങ്ങൾ പൊലീസ് കടത്തിവിടാൻ ശ്രമിച്ചതാണ് ചെറിയതോതിൽ സംഘർഷത്തിന് ഇടയാക്കിയത്. ഹർത്താൽ അറിയാതെ തുറന്ന വ്യാപാരസ്ഥാപനങ്ങൾ കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു.തമിഴ് നാട്ടിൽ നിന്നും എത്തിയ വാഹനങ്ങളും വിനോദ സഞ്ചാരികളുടെ വാഹനങ്ങളും അഞ്ച് മിനിട്ടോളം തട‌ഞ്ഞിട്ടിരുന്നു.

തേക്കടി സാധാരണ നിലയിൽ

കുമളിയുടെ വിവിധ പ്രദേശങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനം ത‌ടഞ്ഞെങ്കിലും തേക്കടിയിലെ ടൂറിസം പരിപാടികൾ പതിവുപോലെ നടന്നു. തേക്കടിയിലെ പ്രധാന ആകർഷണമായ ബോട്ടുകൾ സർവീസ് നടത്തി.വനം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും ബോട്ടുകളാണ് സർവീസ് നടത്തിയത്.ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വിനോദ സഞ്ചാരികളുമായി ബോട്ട് ലാൻഡിംഗിലേക്ക് ട്രിപ്പ് നടത്തുന്ന വനം വകുപ്പിന്റെ വാഹനവും പതിവുപോലെ സർവീസ് നടത്തി.