അണക്കര : ചക്കുപള്ളം, അണക്കര പ്രദേശങ്ങളിൽ പകൽ സമയം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മിക്കദിവസങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രദേശത്ത് വൈദ്യുതി വിതരണം ഉണ്ടാകാറില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് കെ.എസ്.ഇ.ബി. അധികൃതർ വൈദ്യുതി വിഛേദിക്കുന്നത്. ഇതുമൂലം ചെറുകിട ഏലം കർഷകരാണ് ഏറെ പ്രതിസന്ധി നേരിടുന്നത് . ഏലച്ചെടികൾക്ക് വേനൽക്കാലം അതിജീവിക്കാനുള്ള ഏകമാർഗം ജലസേചനമാണ്. എന്നാൽ പകൽ മുഴുവൻ വൈദ്യുതി മുടങ്ങുന്നതോടെ ഏലത്തോട്ടങ്ങളിലെ ജലസേചനവും നിറുത്തിവച്ചിരിക്കുകയാണ്. വൻകിട തോട്ടങ്ങളിൽ ഡീസൽ പമ്പ് ഉപയോഗിക്കുന്നതുകൊണ്ട് വൈദ്യുതി ഇല്ലെങ്കിലും ജലസേചനം നടക്കും. എന്നാൽ ചെറുകിട കർഷകരുടെ കാര്യത്തിൽ സ്ഥിതി വിഭിന്നമാണ്. പ്രളയവും പേമാരിയും വരുത്തിവച്ച കനത്ത നാശനഷ്ടങ്ങളിൽ നിന്ന് സ്വന്തം നിലയിൽ കരകയറാൻ ശ്രമിക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ് തുടർച്ചയായ വൈദ്യുതി മുടക്കമെന്ന് കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ആന്റണി കുഴിക്കാട്ട് ആരോപിച്ചു.
സ്ഥിരമായ വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനുമെതിരെ കർഷക കോൺഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അണക്കരക കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നത്തിൽ ഇടുക്കി ജില്ലക്കാരൻ കൂടിയായ വകുപ്പ് മന്ത്രിയുടെ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്നും കുമളി സബ് സ്റ്റേഷനിൽ നിന്നും അണക്കരയ്ക്ക് പുതിയ 11 കെ.വി ലൈൻ വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാബു കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ധർണയ്ക്ക് മുന്നോടിയായി നൂറുകണക്കിന് കർഷകർ പങ്കെടുത്ത പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ബാബു അത്തിമൂട്ടിൽ, ടി.ആർ ഗോപാലകൃഷ്ണൻ, ജെയിസ് കാവുങ്കൽ, ശിവരാമൻ ചെട്ടിയാർ, മാണി ഇരുമേട, മനോജ് മണ്ണിൽ, റെജി മറ്റപ്പള്ളിൽ, മോനച്ചൻ പുത്തൽപമ്പിൽ, മനോജ് പുത്തൻപറമ്പിൽ, മോബിൻ മാവേലിൽ ഇടങ്ങിയവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.