തൊടുപുഴ: പതിനെട്ടു വർഷത്തിനു ശേഷം നഗരസഭയിൽ എ.ഡി.എഫിന് കൈയടക്കിയ ഭരണം അവിശ്വാസപ്രമേയം വഴി തെറിപ്പിച്ച യു.ഡി.എഫിന് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റവോട്ടിന്റെ അട്ടിമറിജയം. ബി.ജെ.പി പിന്തുണയോടെ നേടിയ ഭരണത്തിൽ ചെയർപേഴ്സൺ ആയി കേരള കോൺഗ്രസിലെ (എം) പ്രൊഫ. ജെസി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ മിനി മധുവിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷം.
രണ്ട് ഘട്ടമായായി നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പി കൗൺസിലർ ആർ.അജിയുടെ വോട്ട് അസാധുവായി. രണ്ടാം ഘട്ടത്തിൽ ബി.ജെ.പി വിട്ടുനിന്നു. തുടർന്ന് ജെസി ആന്റണിക്ക് 14 വോട്ടും മിനി മധുവിന് 13 വോട്ടും ലഭിച്ചു. 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്- 14, എൽ.ഡി.എഫ്- 13, ബി.ജെ.പി- 8 എന്നിങ്ങനെയാണ് കക്ഷിനില.
കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ. ആന്റണിയുടെ ഭാര്യയും തൊടുപുഴ ന്യൂമാൻ കോളേജിലെ റിട്ട. അസോസിയേറ്റ് പ്രൊഫസറുമായ ജെസി ആന്റണി രണ്ടാം തവണയാണ് തൊടുപുഴ നഗരസഭാദ്ധ്യക്ഷയാകുന്നത്. തൊടുപുഴ നഗരസഭാ രൂപീകരണം മുതൽ കൗൺസിലറാണ്.