നെടുങ്കണ്ടം: കവുന്തിയിൽ പൊലീസ് വാഹനത്തിന് നേർക്ക് കല്ലേറ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. കവുന്തി താഴത്തേടത്ത് ജസ്റ്റിൻ ജോസഫ്(22), പുളിക്കകുന്നേൽ സച്ചിൻ(21), കാക്കനാട്ട് ജോബി(21), പാത്തിക്കൽ സുബിൻ(20) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് സംഭവം. വലിയ തോവാളയിലെ ഗാനമേളയോടനുബന്ധിച്ചുള്ള ഡ്യൂട്ടി കഴിഞ്ഞ് നെടുങ്കണ്ടത്തിന് മടങ്ങുകയായിരുന്ന എസ്.ഐ റെജിമോനും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്.വലിയ തോവാളയിൽ ഗാനമേളയ്ക്കിടെ ബഹളംവച്ച യുവാക്കളെ പൊലീസ് താക്കീത് ചെയ്തതാണ് കല്ലേറിൽ കലാശിച്ചത്.
ഗാനമേളയ്ക്കിടെ ബഹളം വച്ച ഇവരെ താക്കീത് ചെയ്ത് സ്ഥലത്തുനിന്നും പറഞ്ഞയച്ചിരുന്നു. ഗാനമേള കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ കവുന്തിയിൽ വച്ച് ഇരുളിൽ പതുങ്ങിയിരുന്ന പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. സംഭവ സമയത്ത് ഇവർ മദ്യലഹരിയിലായിരുന്നെന്നും വാഹനത്തിന് ഇരുപത്തിഅയ്യായിരം രൂപയുടെ കേടുപാടുകൾ സംഭവിച്ചതായും പൊലീസ് പറഞ്ഞു. പൊതുമതൽ നശിപ്പിച്ചതിന് പ്രതികൾക്കെതിരെ കേസെടുത്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി.