ഇടുക്കി : സാധാരണക്കാരുടെ ജീവിതം സ്തംഭിപ്പിച്ച യൂത്ത് കോൺഗ്രസ് മിന്നൽ ഹർത്താലിനിടെ തൊടുപുഴ നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ ഔദ്യോഗിക കൃത്യനിർവഹകണം സുഗമമായി നടത്തി. ഇന്നലെ നിശ്ചയിച്ചിരുന്ന നഗസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പാണ് ഒരു പ്രതിഷേധവുമില്ലാതെ യു.ഡി.എഫ് അംഗങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ നടപ്പാക്കിയത്. കേരളകോൺഗ്രസ് (എം) സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു. നേരം പുലർന്നപ്പോഴാണ് ജനങ്ങൾ ഹർത്താൽ വാർത്ത അറിയുന്നത്.ഇതോടെ ആരംഭിച്ച പല യാത്രകളും പാതിവഴിയിൽ മുടങ്ങി. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് പെരുവഴിയിലായത്. കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും തടസമില്ലാതെ ഓടി. രണ്ട് ദിവസത്തെ പൊതു അവധിക്ക് ശേഷം ജോലി സ്ഥലങ്ങളിൽ എത്തേണ്ടിയിരുന്ന സർക്കാർ ജീവനക്കാരും ദുരിതത്തിലായി. ഇടുക്കി ജില്ലയിൽ ഏത് ഹർത്താൽ ആഹ്വാനം ഉണ്ടായാലും കഥയറിയാതെ കെണിയിൽ വീഴുന്നവരാണ് വിനോദസഞ്ചാരികളും തമിഴ്നാട്ടിൽ നിന്നെത്തുന്ന നിരവധി യാത്രക്കാരും. ഇത്തവണയും ഈ പതിവ് തെറ്റിയില്ല.
ഉടുമൽപേട്ട- ചിന്നാർ വഴി അതിർത്തി കടന്നവർക്ക് മൂന്നാറിലും അവിടെ നിന്ന് മറ്റ് പ്രദേശങ്ങളിലേക്കും യാത്രതുടരാൻ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല.
അതിരാവിലെ ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി യുടെ ദീർഘദൂര സർവീസുകൾ പതിവുപോലെ പുറപ്പെട്ടെങ്കിലും പലതും ലക്ഷ്യത്തിലെത്താതെ മടങ്ങി. എന്നാൽ മൂന്നാർ ഡിപ്പോയിലെ മുഴുവൻ സർവീസുകളും വിജയകരമായി ഓപ്പറേറ്റ് ചെയ്തെന്ന് അധികൃതർ പറഞ്ഞു. കട്ടപ്പന, കുമളി, മൂലമറ്റം, തൊടുപുഴ ഡിപ്പോകളിൽ നിന്ന് അതിരാവിലെയുള്ള സർവീസുകളെല്ലാം പുറപ്പെട്ടെങ്കിലും പലതും വഴിയിൽ കുടങ്ങി. ഉച്ചക്ക് ശേഷം കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായിരുന്നു. കടകമ്പോളങ്ങൾ ഏതാണ്ട് പൂർണമായും അടഞ്ഞുകിടന്നു. ഹർത്താലുകളോട് സഹകരിക്കില്ലെന്ന നിലപാടുള്ള
കുമളിയിലെ വ്യാപാരികൾ ഇത്തവണയും നിലപാടിൽ ഉറച്ചുനിന്നു. വണ്ടിപ്പെരിയാറിൽ ഹർത്താൽ അനുകൂലികളും പൊലീസുമായി നേരിയ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. കുമളിയിൽ വാഹനം തടയാൻ ശ്രമിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നിവയൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല..