k

രാജാക്കാട്: ഹൈറേഞ്ചിലാകെ വെൺമേഘം പോലെ പൂത്ത് വിതാനിച്ച് നിൽക്കുകയാണ് കാപ്പിച്ചെടികൾ.മലനിരകളാകെ കാപ്പിയുടെ പൊൻവസന്തം നിറഞ്ഞിരിക്കുകയാണ്. കനത്ത ചൂടിന് ആശ്വാസം പകർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണ് കാപ്പിച്ചെടികൾക്ക് പുത്തനുണർവേകിയത്.മഴ കിട്ടിയതോടെ പൂക്കാൻ മടിച്ചു നിന്ന ചെടികൾ പോലും പൂത്തുലഞ്ഞു. കാലാവസ്ഥ കനിഞ്ഞാൽ ഇത്തവണ മികച്ച വിളവ് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.

കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ പരക്കെ വേനൽമഴ ലഭിച്ചിരുന്നു. വൻകിട തോട്ടങ്ങളിലടക്കം കാപ്പിച്ചെടികൾ പൂത്തിട്ടുണ്ട്. ഒരിക്കൽ മലയോരത്തെ മുഖ്യ വിളകളിലൊന്നായിരുന്നു കാപ്പി. കുരുവില ഇടിഞ്ഞതും,കാലാവസ്ഥാ വ്യതിയാനം മൂലം തുടർച്ചയായി വിളവ് കുറഞ്ഞതും കർഷകരെ നഷ്ടത്തിലാക്കിയിരുന്നു.ഇതോടെ കാപ്പിച്ചെടികളിൽ പ്രതീക്ഷ കൈവിട്ട പല കർഷകരും ചെടികൾ പുഴുതു മാറ്റി.പകരം ഏലവും കുരുമുളകും ഉൾപ്പെടെയുള്ള ആദായകരമായ മറ്റ് വിളകളിലേയ്ക്ക് തിരിഞ്ഞു.

കോഫീ ബോർഡും കർഷകരെ കൈവിട്ടു. ഉത്പ്പാദനക്കുറവും വിലയിടിവും മൂലം വിളവെടുക്കാതെ കർഷകർ കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞത് വാർത്താപ്രാധാന്യം നേടിയിരുന്നു. കൃഷിയിടങ്ങളിൽ അവശേഷിക്കുന്ന ചെടികളിലാണ് മഴയ്ക്ക് ശേഷം പൂക്കൾ വിരിഞ്ഞിരിക്കുന്നത്.പൂവിരിഞ്ഞ് ഏതാനും ദിവസങ്ങൾ മഴ ലഭിച്ചാൽ പരാഗണം നടന്ന് കാര്യമായി കായ് പിടിക്കുമെന്നതും അവധി വ്യാപാര വില ഉയർന്ന് നിൽക്കുന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.1990- 92 കളിൽ കാപ്പിയുടെ വില 125 വരെ ഉയർന്നിരുന്നു പിന്നീടിങ്ങോട്ട് വിലയിടിഞ്ഞ് 15 രൂപ വരെയെത്തി.ഇപ്പോൾ ശരാശരി 130 വരെ വില എത്തിയിട്ടുണ്ട്.എന്നാൽ കാലം തെറ്റി പൂവിട്ടത് അടുത്ത വർഷത്തെ ഉത്പാദന ക്ഷമതയെ ബാധിക്കുമെന്നാണ് ചില കർഷകർ പറയുന്നത്.