തൊടുപുഴ: മുന്നണി ധാരണാപ്രകാരം ചെയർപേഴ്സൺ സ്ഥാനം മുസ്ലീംലീഗിനും ഒരു വർഷം കേരള കോൺഗ്രസിനും ബാക്കിയുള്ള രണ്ട് വർഷം കോൺഗ്രസിനുമെന്നായിരുന്നു ധാരണ. എന്നാൽ പലവിധ കാരണങ്ങളാൽ മൂന്നര വർഷമാകുമ്പോഴാണ് കേരളാകോൺഗ്രസിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. ഇനിയുള്ള കാലാവധി കേരളാകോൺഗ്രസിനെത്ര കോൺഗ്രസിനെത്ര എന്ന ആശയകുഴപ്പം നിലവിലുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ ഒരു ധാരണയുണ്ടാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ ഒരു വർഷം ചെയർപേഴ്സൺ സ്ഥാനത്ത് പൂർത്തിയാക്കുമെന്നാണ് ഇന്നലെ സ്ഥാനമേറ്റ ജെസി ആന്റണി പറയുന്നത്.
രണ്ട് ആഴ്ചയ്ക്കകം നഗരസഭാ ബഡ്ജറ്റ്
രണ്ട് ആഴ്ചയ്ക്കകം നഗരസഭാ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് പുതിയ ചെയർപേഴ്സൺ ജെസി ആന്റണി പറഞ്ഞു. സ്ഥലപരിമിതിയും ഫണ്ടിന്റെ അപര്യാപ്തതയും കാരണമാണ് പല പദ്ധതികളും നടപ്പിലാക്കാനാകാത്തത്. കാലാകാലങ്ങളായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരെയും യോജിപ്പിച്ചുള്ള പ്രവർത്തനം നടത്തും. അഴിമതിയില്ലാത്ത ഭരണം ജനങ്ങൾക്ക് ഉറപ്പു വരുത്തുമെന്നും അവർ പറഞ്ഞു.