മറയൂർ: കാർഷിക വൈവിധ്യങ്ങളുടെയും ജെല്ലിക്കെട്ടിന്റെയു നാടായ വട്ടവടയ്ക്ക് അവാർഡിന്റെ തിളക്കം. പഞ്ചായത്ത് ദിനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവാർഡുകളിൽ രണ്ടെണ്ണം വട്ടവടയ് സ്വന്തം.

തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചതിനൂള്ള ഒന്നാം സ്ഥാനത്തിന് പുറമെ ജില്ലയിലെ മികച്ച സെക്രട്ടറിയായി പഞ്ചായത്ത് സെക്രട്ടറി ആർ നന്ദകുമാറിനെയും തിരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകളിൽ ഒന്നായ വട്ടവടയിൽ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡ് നിർണയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് പ്രസിഡന്റായുള്ള വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ആത്ഭുതം ഉളവാക്കുന്നതാണ്. പഞ്ചായത്തിന് സോഷ്യൽ മീഡിയപേജ്, ഓൺ ലൈൻ സേവനങ്ങൾ, ഫ്രണ്ട് ഓഫീസിലെത്തുന്നവർക്ക് സൗജന്യമായി ചായ, കാപ്പി, ശുദ്ധജല സൗകര്യം.. കൂഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അമ്മമാർക്കായി ഫീഡിംഗ് റൂം. കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും വലിയ പുസ്തക ശേഖരവുമായി അഭിമന്യു മഹാരാജാസ് ലൈബ്രറി, റീഡിംഗ് റൂം, അന്തിമഘട്ടത്തിലായിരിക്കുന്ന വീഡിയോ കോൺഫ്രൻസിംഗ്സംവിധാങ്ങളിലൂടെയുള്ള പി.എസ്. സി കോച്ചിംഗ് സെന്റർ എന്നിവ പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയോടൊപ്പം ഗ്രാമപഞ്ചായത്തിലെ ജീവനക്കരും താത്കാലിക നിയമനത്തിലുള്ള ജീവനക്കാരുടെയും പൊതുജനങ്ങളോടുള്ള ഇടപെടൽ ഏറ്റവും മാതൃകാപരമാണ്. ടൂറിസം വികസനത്തിനായി വട്ടവടയുടെ ചരിത്രവും ദൃശ്യങ്ങളും ഉൾപ്പെടുത്തി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഷോട്ട് ഫിലിമും നിർമ്മിച്ചിരുന്നു.