തൊടുപുഴ:കാഞ്ഞിരമറ്റം ക്ഷേത്രക്കടവ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ രേണുക രാജശേഖരൻ ശിലാസ്ഥാപനം നിർവഹിച്ചു. കാലങ്ങളായുള്ള നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ആഗ്രഹമാണ് സഫലമാകുന്നത്. ക്ഷേത്രക്കടവിൽ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനുമായി ധാരാളം പേരാണ് എത്തുന്നത്. വേനൽ കടുക്കുന്നതോടെ അയൽപ്രദേശങ്ങളിലെ ജനങ്ങൾ എത്തുന്നതും ഇവിടെയാണ്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അപകടമരണങ്ങളും അപകടങ്ങളും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കാഞ്ഞിരമറ്റം ഒളമറ്റം പ്രദേശവാസികളുടെ ചിരകാലസ്വപ്‌നമായ മാരിയിൽകലുങ്ക് പാലം ഇനിയും സഞ്ചാരയോഗ്യമായിട്ടില്ല. ഇതിനോട് ചേർന്നുള്ള ഈ കടവിൽ ശിവരാത്രി നാളിൽ ബലിതർപ്പണത്തിനായി പതിനായിരങ്ങളാണ് എത്തുന്നത്. ചുരുങ്ങിയ ദിനങ്ങൾ മാത്രം ശിവരാത്രിക്കായി ബാക്കി നിൽക്കെ എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കാനാണ് ശ്രമം. നഗരസഭയുടെ കഴിഞ്ഞ ബഡ്ജറ്റിലെ തനത് ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നതെന്ന് നഗരസഭ മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻനായർ പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ സി.കെ. ജാഫർ, കൗൺസിലർമാരായ പി.ആർ. വിജയകുമാരി, ആർ. അജി, കെ. ഗോപാലകൃഷ്ണൻ, ക്ഷേത്രം ഭാരവാഹികളായ ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ശ്രീകാന്ത്, സുദീപ്, പി.എസ്. വിജേഷ്, കാഞ്ഞിരമറ്റം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ഇ.എസ്. നന്ദകുമാർ, രാജേഷ് കുമാർ,സിബി ജോസഫ് എന്നിവരും പങ്കെടുത്തു.